LiveTV

Live

Kerala

സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ യുഡിഎഫ് കാലത്തേതെന്ന് സി.പി.എം

ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കാനും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി

സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ യുഡിഎഫ് കാലത്തേതെന്ന് സി.പി.എം

സി.എ.ജി റിപ്പോർട്ടിലെ വിവാദ പരാമർശങ്ങളെ രാഷ്ട്രീയമായി നേരിടാൻ സി.പി.എമ്മില്‍ ധാരണ. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ഭൂരിഭാഗം യു.ഡി.എഫ് ഭരണകാലത്തു നടന്നതാണെന്നും അതിന് ഈ സർക്കാർ മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് സി.പി.എമ്മിന്‍റെ വിലയിരുത്തൽ. പൗരത്വ വിഷയത്തിൽ ശക്തമായ തുടർ പ്രക്ഷോഭങ്ങൾക്കും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനാമായി. ഭരണഘാടന സ്ഥാപനമായ സി.എ.ജിയേയും അതിന്‍റെ റിപ്പോര്‍ട്ടിനേയും ചോദ്യം ചെയ്യില്ലെങ്കിലും റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തില്‍ ചില സംശയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

റിപ്പോർട്ട് പുറത്ത് വരുന്നതിന്‍റെ തലേദിവസം കോൺഗ്രസ് നേതാവ് പി.ടി.തോമസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ നിയമസഭയിൽ ആരോപണമായി ഉന്നയിച്ചതും സംശയത്തോടെയാണ് സി.പി.എം കാണുന്നത്. നേരത്തേ വന്ന ആരോപണങ്ങളാണ് സി.എ.ജി ആവർത്തിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ‌ വാങ്ങിയ സംഭവമൊഴിച്ചാൽ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്ന ഭൂരിഭാഗം ക്രമക്കേടുകളും നടന്നിട്ടുള്ളത് യു.ഡി.എഫ് സർക്കാരിന്‍റെ കാലത്താണ്.

അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയേണ്ട കാര്യമില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭയില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ കൃത്യമായി മുഖ്യമന്ത്രി തന്നെ വിശദീകരിക്കും. പൗരത്വ വിഷയത്തിൽ ശക്തമായ തുടർപ്രക്ഷോഭ പരിപാടികള്‍ അനിവാര്യമാണ്. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടികൾ നടത്താനാണ് തീരുമാനം. നാളെയും മറ്റെന്നാളും നടക്കുന്ന സംസ്ഥാനകമ്മിറ്റിയിലും ഈ വിഷയങ്ങളെല്ലാം ചര്‍ചയ്ക്ക് വരും