LiveTV

Live

Kerala

റൈഫിള്‍ അസോസിയേഷനിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ വീണ്ടും അന്വേഷണം

ഒരു ലക്ഷത്തിലധികം വെടിയുണ്ടകളാണ് കോട്ടയം റൈഫിള്‍ അസോസിയേഷനില്‍ നിന്ന് കാണാതായത്

റൈഫിള്‍ അസോസിയേഷനിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ വീണ്ടും അന്വേഷണം

കോട്ടയം റൈഫിള്‍ അസോസിയേഷനില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വെടിയുണ്ടകള്‍ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സിബിഐ അന്വേഷിച്ച് അവസാനിപ്പിച്ച കേസിലാണ് വീണ്ടും അന്വേഷണം വരുന്നത്. കേസ് സിബിഐ അട്ടിമറിച്ചെന്ന പരാതിയില്‍ വീണ്ടും അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

2015ല്‍ കോട്ടയം റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് വെടിയുണ്ടകള്‍ അപ്രത്യക്ഷമായത് സംബന്ധിച്ച് പരാതി നല്‍കുന്നത്. പൊലീസ് പരാതി ശരിവെച്ചതോടെ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ വെടിയുണ്ടകളുടെ കണക്ക് കൃത്യമാണെന്നും പരാതിക്കാരന്‍ കേസ് പിന്‍വലിച്ചെന്നും തിരുവനന്തപുരം സി ജെ ഐ കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. കേസ് അവിടെ അവസാനിച്ചില്ല. സമ്മര്‍ദ്ദം മൂലമാണ് കേസ് പിന്‍വലിച്ചതെന്ന പരാതിക്കാരന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേസ് വീണ്ടും കോടതിയിലെത്തി. സിബിഐ അന്വേഷണം അട്ടിമറിച്ചെന്ന ആക്ഷേപം ഉയര്‍ന്നതോടെ നടപടി സ്വീകരിക്കാന്‍ ഡിജിപിയോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഡിജിപി അനങ്ങിയില്ല. തുര്‍ന്ന് കോടതിയലക്ഷ്യ ഹരജി. ഈ ഹരജിയിലെ വാദത്തിനൊടുവിലാണ് എഡിജിപി ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

സിബിഐ അന്വേഷണം അവസാനിപ്പിച്ച കേസ് വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് അസാധാരണമാണ്. അത്രതന്നെ അസാധാരണമായ വെടിയുണ്ടകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ ഇനിയെങ്കിലും ദുരൂഹത നീങ്ങുമോ എന്നതാണ് ബാക്കിയാവുന്ന ചോദ്യം.