LiveTV

Live

Kerala

വേനല്‍ കടുക്കുമെന്ന മുന്നറിയിപ്പ്; ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ നീക്കം

ഉപയോഗ ശൂന്യമായ കുളങ്ങളും കിണറുകളും കണ്ടെത്തും. ഇത് നവീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

വേനല്‍ കടുക്കുമെന്ന മുന്നറിയിപ്പ്; ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ നീക്കം

വേനല്‍ കടുക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കേ വരള്‍ച്ചയെ നേരിടാന്‍ പ്രവര്‍ത്തന പദ്ധതികളുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. വരള്‍ച്ചയെത്തും മുമ്പേ ജല ലഭ്യത ഉറപ്പു വരുത്താനായി സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ നടപടി തുടങ്ങുന്നത്. വിവിധ ഏജന്‍സികളുടെ സഹായത്തോടെയാകും പദ്ധതികള്‍ നടപ്പാക്കുക.

ഇക്കുറിയും വേനല്‍ കടുക്കുമെന്ന മുന്നറിയിപ്പ് മുന്‍ നിര്‍ത്തിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിവിധികള്‍ കണ്ടെത്താനായി നടപടി ആരംഭിച്ചിരിക്കുന്നത്. വരള്‍ച്ച ശക്തമായാല്‍ വെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്താനുള്ള നടപടികള്‍ ആദ്യ ഘട്ടത്തില്‍ സ്വീകരിക്കും. ഇതിനുള്ള നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഇതിനായി പ്രത്യേക പ്രവര്‍ത്തന പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്.

ഉപയോഗ ശൂന്യമായ കുളങ്ങളും കിണറുകളും കണ്ടെത്തും. ഇത് നവീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി കുടുംബശ്രീ, ക്ലബുകള്‍, യുവജന സംഘടനകള്‍ തുടങ്ങിയവരുടെ സഹായം സ്വീകരിക്കും. വാട്ടര്‍ അതോറിറ്റിയുടേയും റവന്യൂ വകുപ്പിന്റേയും സഹകരണത്തോടെ കുടിവെള്ളമെത്തിക്കാനായി കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ വരള്‍ച്ച കൂടുതലായി ബാധിച്ച താലൂക്കുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. തീരപ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായ മറ്റിടങ്ങളിലും സൌജന്യമായി കുടിവെള്ളം വിതരണം ചെയ്യാന്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.