LiveTV

Live

Kerala

എസ്.എഫ്.ഐ നേതാവിനായി പി.എച്ച്.ഡി പ്രവേശനത്തില്‍ അട്ടിമറി

എസ്.സി.എസ്.ടി സംവരണം പാലിക്കാതെ എസ്.എഫ്.ഐ നേതാവിന് പ്രവേശനം നല്‍കിയതായാണ് ആക്ഷേപം. യൂണിവെര്‍സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ വിദ്യയാണ് ഇത്തരത്തില്‍ പ്രവേശനം നേടിയത്

എസ്.എഫ്.ഐ നേതാവിനായി പി.എച്ച്.ഡി പ്രവേശനത്തില്‍ അട്ടിമറി

എസ്.എഫ്.ഐ നേതാവിനായി കാലടി ശ്രീ ശങ്കരാചാര്യ സംസകൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി പ്രവേശനത്തില്‍ അട്ടിമറി. സര്‍വകലാശലയിലെ മലയാളം പി.എച്ച്.ഡി പ്രവേശനത്തെച്ചെല്ലിയാണ് ആരോപണം. എസ്.സി.എസ്.ടി സംവരണം പാലിക്കാതെ എസ്.എഫ്.ഐ നേതാവിന് പ്രവേശനം നല്‍കിയതായാണ് ആക്ഷേപം. യൂണിവെര്‍സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ വിദ്യയാണ് ഇത്തരത്തില്‍ പ്രവേശനം നേടിയത്. സംവരണം പാലിച്ചിട്ടില്ലെന്ന് സര്‍വകലാശാല എസ്.സി.എസ്.ടി സെല്‍ കണ്ടെത്തിയിട്ടുണ്ട്.

ഗവേഷണത്തിനായി പത്ത് സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാല്‍ റിര്‍സ്ച്ച് കമ്മിറ്റി അഞ്ച് ഗവേഷകരെ കൂടി അധികമായി പരിഗണിക്കാന്‍ സര്‍വ്വകലാശാലയോട് ശുപാര്‍ശ ചെയ്തിരുന്നു. അങ്ങനെ 15 സീറ്റ് അനുവദിച്ചാല്‍ മൂന്ന് പേരെ സംവരണ വിഭാഗത്തില്‍ നിന്നും പരിഗണിക്കണമെന്നാതാണ് സംവരണത്തിന്‍റെ മാനദണ്ഡം. എന്നാല്‍ ആദ്യ പത്തിലെ രണ്ടു പേര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ സംവരണ പ്രവേശനം ലഭിച്ചത്. രണ്ടാമതായി നിയമിച്ച അഞ്ചുപേരില്‍ ഒരാളെ സംവരണത്തില്‍ നിയമിച്ചില്ല എന്നാണ് പരാതി.

വിദ്യ എന്ന എസ്.എഫ്.ഐ നേതാവിന് വേണ്ടി സംവരണം അട്ടിമറിച്ചുവെന്നാണ് ദളിദ് വിദ്യാര്‍ഥികള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പ്രവേശനത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് വിദ്യയെന്ന പെണ്‍ക്കുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിഗണിച്ച് നിയമപരമായി തീര്‍പ്പാക്കാനാണ് കോടതി സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് പ്രവേശനം നല്‍കിയത് എന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. റിസര്‍ച്ച് കമ്മറ്റി മിനിറ്റ്സ് ദുര്‍വ്യാഖ്യാനം ചെയ്താണ് വകുപ്പ് അധ്യക്ഷനായ ഡോക്ടര്‍ വി.എ വത്സലന്‍ സര്‍വകലാശാലക്ക് കത്ത് നല്‍കിയതെന്നും പരാതി അന്വേഷിച്ച എസ്.സി.എസ്.ടി സെല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.