LiveTV

Live

Kerala

മലയാളത്തിന്‍റെ പ്രിയ കവി ഒ.എന്‍.വിയുടെ ഓര്‍മ്മകള്‍ക്ക്  ‌ നാലു വര്‍ഷം

‘ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോൾ എന്‍റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും, അതാണെന്‍റെ കവിത’ ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി പറഞ്ഞ വാക്കുകളാണിവ

മലയാളത്തിന്‍റെ പ്രിയ കവി ഒ.എന്‍.വിയുടെ ഓര്‍മ്മകള്‍ക്ക്  ‌ നാലു വര്‍ഷം

ആറു പതിറ്റാണ്ടിലേറെക്കാലം മലയാള കാവ്യലോകത്ത് നിറഞ്ഞൊഴുകിയ പ്രിയ കവി ഒ.എൻ.വി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേക്ക് നാലുവര്‍ഷം. പകരം വെക്കാനില്ലാത്ത ആ ത്രയാക്ഷരം തന്‍റെ രചനകളിലൂടെ ഇന്നും മലയാളി മനസില്‍ ജീവിക്കുന്നു. കവിതകളിലൂടെ സാഗരങ്ങളെ പോലും പാടി ഉണർത്തിയ മലയാളത്തിന്‍റെ പ്രിയകവി. അവിസ്മരണീയ ഗാനങ്ങളുടെ നറുതേൻ നിലാവ് പൊഴിച്ച കാവ്യഭംഗിക്കുടമ. മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യ സൂര്യൻ, അങ്ങിനെ വിശേഷണങ്ങൾ ഏറെയാണ് ഒ.എന്‍.വിക്ക്. പ്രകൃതിയുടെയും മണ്ണിന്‍റെയും ജീവാംശമുള്ള ആ ഭാഷാ സൌന്ദര്യം മലയാളിയുടെ അഭിമാനമാണ്. പ്രകൃതിയുടെ നോവും സാമൂഹിക ഉത്കണ്ഠകളുമെല്ലാം കവി തന്‍റെ വരികളില്‍ ആവാഹിച്ചു.

1931 മേയ് 27നാണ് ഒ.എൻ.വിയുടെ ജനനം. വിദ്യാർഥിയായിരിക്കുമ്പോൾതന്നെ കവിത രചന തുടങ്ങിയ ഒ.എൻ.വി തന്‍റെ ആദ്യ കവിത എഴുതുന്നത് 15ാം വയസ്സിലാണ്. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാസമാഹാരം. നല്ല അധ്യാപകനും നല്ല കവിയും അതിലുപരി നല്ല മനുഷ്യനുമായിരുന്നു മലയാളിക്ക് ഒ.എൻ.വി. ഭാഷ നശിക്കുന്നിടത്ത് മനുഷ്യന് സ്വത്വം നഷ്ടപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു.

സമൂഹത്തിന്‍റെ എല്ലാ തുറകളിൽ പെട്ടവരെയും തന്‍റെ കവിതയുടെ ഭാഗമാക്കാൻ ഒ.എൻ.വി കുറുപ്പിന് കഴിഞ്ഞു. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം എന്നിങ്ങനെ 40ലേറെ കവിതാസമാഹാരങ്ങള്‍. 1949ൽ കമ്മ്യൂണിസ്റ്റ് നേതാവ് എം.എൻ.ഗോവിന്ദൻ നായർ കൊല്ലത്ത് ഒളിവിൽ താമസിക്കുന്നതിനിടയിൽ അഷ്ടമുടിക്കയലിന്‍റെ തീരത്തെ ഒരു വള്ളപ്പുരയിൽ കാവലിന് എത്തിയത് ഒ.എൻ.വിയും ദേവരാജൻ മാസ്റ്ററുമായിരുന്നു. അന്ന് ഒ.എൻ.വിയുടെ സർഗ സൃഷ്ടിയിൽ വിരിഞ്ഞതാണ് പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന കവിത.

ദേവരാജന് മാസ്റ്ററുടെ ഈണത്തിൽ പിന്നീ‌ട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാ‌‌ടകത്തിലൂ‌‌ടെ ആ ഗാനം ജനമനസ്സുകളിൽ കു‌ടിയേറി. പിന്നീട് അവി‌ടുന്ന് അങ്ങോട്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ ഒരുപിടി നല്ല സിനിമാഗാനങ്ങൾ. വിശാലമായ ആ അക്ഷരസപര്യക്ക് രാജ്യം നല്‍കിയത് പത്മശ്രീ, പത്മവിഭൂഷണ്‍ മുതല്‍ ജ്ഞാനപീഠം വരെ അനേകം പുരസ്കാരങ്ങള്‍. ഒപ്പം കേന്ദ്ര, കേരള സാഹിത്യ അക്കാദമികളുടെ ആദരവും. 'ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോൾ എന്‍റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും, അതാണെന്‍റെ കവിത' ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി പറഞ്ഞ വാക്കുകളാണിവ. 2016 ഫെബ്രുവരി 13ന് ആ തൂലിക നിലച്ചെങ്കിലും ആയിരമായിരം വരികളിലൂടെ മലയാളികളുയുടെ മനസില്‍ പ്രിയകവി ഇന്നും ജീവിക്കുന്നു.