LiveTV

Live

Kerala

പ്രവാസിയുടെ നെഞ്ചില്‍ സി.പി.എം വിലക്കിന്റെ കൊടികുത്തി; ഒടുവില്‍ രക്ഷക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

കോഴിക്കോട് തണ്ണീര്‍പന്തലില്‍‌ പ്രവാസിയായ റെജി ഭാസ്കറിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കാനിരുന്ന സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തനം പൂനൂര്‍ പുഴ മലിനമാക്കുമെന്ന് പറഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

പ്രവാസിയുടെ നെഞ്ചില്‍ സി.പി.എം വിലക്കിന്റെ കൊടികുത്തി; ഒടുവില്‍ രക്ഷക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

സി.പി.എം വിലക്കിയതിനെ തുടര്‍ന്ന് കോഴിക്കോട് പ്രവാസിയുടെ ഉടമസ്ഥതയില്‍ ആരംഭിക്കാനിരുന്ന സര്‍വീസ് സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ജില്ലാ കലക്ടറോട് കമ്മീഷന്‍ റിപോര്‍ട്ട് തേടി. എല്ലാ വിധ അനുമതികളുമുള്ള സര്‍വീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടയുന്നത് ശരിയല്ലെന്നും കമ്മീഷന്‍ അംഗം മോഹനദാസ് പറഞ്ഞു. പ്രവാസിയുടെ വ്യവസായ സംരംഭം പാര്‍ട്ടി കൊടികുത്തി തടഞ്ഞത് നേരത്തെ മീഡിയവണ്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

കോഴിക്കോട് തണ്ണീര്‍പന്തലില്‍‌ പ്രവാസിയായ റെജി ഭാസ്കറിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കാനിരുന്ന സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തനം പൂനൂര്‍ പുഴ മലിനമാക്കുമെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കോര്‍പറേഷന്‍, ടൌണ്‍ പ്ലാനിങ് വിഭാഗം, മലനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങി എല്ലാ വിധ അനുമതിയും പദ്ധതിക്കുണ്ട്. എന്നിട്ടും നിര്‍മാണം തടഞ്ഞത് മനുഷ്യാവകാശ ലംഘനമാണെന്ന് കാട്ടി പ്രവാസി കൂട്ടായ്മയ്ക്ക് വേണ്ടി സിദ്ദീഖ് അഹമ്മദ് എന്നയാളാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതി പരിഗണിച്ച കമ്മീഷന്‍ ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടി. അടുത്ത മാസം 18 നകം റിപോര്‍ട്ട് സമര്‍‌പ്പിക്കാനാണ് നിര്‍ദേശം. രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ മലീനികരണമുണ്ടാകുമെന്ന വാദവും തള്ളി. വിദേശത്തെ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ വായ്പയെടുത്തായിരുന്നു റെജി ഭാസ്കര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.