LiveTV

Live

Kerala

വെടിയുണ്ടകള്‍ കാണാതായ സംഭവം; രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ തച്ചങ്കരിയുടെ നിര്‍ദ്ദേശം

സി.എ.ജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ടോമിന്‍ ജെ. തച്ചങ്കരി നിര്‍ദേശം നല്‍കിയത്

വെടിയുണ്ടകള്‍ കാണാതായ സംഭവം; രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍  തച്ചങ്കരിയുടെ നിര്‍ദ്ദേശം

വെടിയുണ്ട കാണാതായ സംഭവത്തില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശം. സി.എ.ജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ടോമിന്‍ ജെ. തച്ചങ്കരി നിര്‍ദേശം നല്‍കിയത്.

തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, എസ്.എ.പി. ക്യാമ്പിലെ തോക്കുകള്‍ എ.ആര്‍. ക്യാമ്പിലേക്ക് നല്‍കിയെന്നാണ് പോലീസിന്‍റെ വിശദീകരണം. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സി.എ.ജി.യെ അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.

എന്നാല്‍ തോക്കുകള്‍ എ.ആര്‍.ക്യാമ്പില്‍ കൈപ്പറ്റിയതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് സി.എ.ജി.യും അറിയിച്ചു. വെടിയുണ്ടകള്‍ എവിടെ പോയെന്ന കാര്യത്തില്‍ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് മാത്രമാണ് പോലീസ് അറിയിച്ചതെന്നും സി.എ.ജി. പ്രതികരിച്ചു.