LiveTV

Live

Kerala

പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ വനിതാ കമ്മീഷൻ ഉപേക്ഷിക്കുകയാണെന്ന് പ്രതിപക്ഷം; പ്രതിപക്ഷത്തിന് കുശുമ്പെന്ന് മുഖ്യമന്ത്രി 

വനിതാ കമ്മീഷനോട് കുശുമ്പാണെന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി നിലപാടിൽ ഉറച്ച് നിന്നു

 പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ വനിതാ കമ്മീഷൻ ഉപേക്ഷിക്കുകയാണെന്ന് പ്രതിപക്ഷം; പ്രതിപക്ഷത്തിന് കുശുമ്പെന്ന് മുഖ്യമന്ത്രി 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ സംസ്ഥാനത്ത് വർധിച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. പാർട്ടിക്കാർ ഉൾപ്പെടുന്ന കേസുകൾ വനിതാ കമ്മീഷൻ ഉപേക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വനിതാ കമീഷനോട് പ്രതിപക്ഷത്തിന് കുശുമ്പാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. വാളയാർ കേസ് സി.ബി.ഐയ്ക്ക് വിടാത്തത് ആരെ സംരക്ഷിക്കാനാണെന്ന ചോദ്യമുയർത്തി പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

ഇരയ്ക്കും വേട്ടക്കാർക്കുമൊപ്പം ഒരേ സമയം നിൽക്കുന്ന സർക്കാർ നിലപാട് കൊണ്ടാണ് കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ വർധിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. വാളയാർ കേസിൽ പൊലീസും രാഷ്ട്രീയക്കാരും ഇടപെട്ടുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ഷാനിമോൾ ഉസ്മാൻ പറഞ്ഞു

വസ്തുതകൾ മനസ്സിലാക്കാതെയാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്ന് മുഖ്യമന്ത്രിയുടെ മറുപടി. വാളയാർ കേസിൽ രക്ഷിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാളയാർ കേസ് അല്ലെങ്കിൽ പിന്നെ ഏത് കേസാണ് സിബിഐയ്ക്ക് വിടുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

വനിതാ കമ്മീഷനോട് കുശുമ്പാണെന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി നിലപാടിൽ ഉറച്ച് നിന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസ് അന്വേഷിക്കാൻ വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.