LiveTV

Live

Kerala

ഒരരിശത്തിന് മാവ് മുറിച്ചു; പകരം മൂന്ന് മാവ് നട്ടുവളര്‍ത്തണമെന്ന് പൊലീസ് 

പളളിയുടെ ഉടമസ്ഥതയിലുളള കായ്ഫലമുളള മാവ് വെട്ടിമുറിച്ച അയല്‍വാസിക്ക് പൊലീസും പളളിക്കമ്മറ്റിയും ചേര്‍ന്ന് നല്‍കിയ രസകരമായ ശിക്ഷയാണ് ഈ കഥ.

ഒരരിശത്തിന് മാവ് മുറിച്ചു; പകരം മൂന്ന് മാവ് നട്ടുവളര്‍ത്തണമെന്ന് പൊലീസ് 

ഒരരിശത്തിന് മാവ് മുറിച്ചാല്‍ മൂന്ന് മാവുകള്‍ നട്ടുവളര്‍ത്തേണ്ടിവരുമെന്ന് കേട്ടിട്ടുണ്ടോ? ഉണ്ടാകാന്‍ വഴിയില്ല. സംഭവം കണ്ണൂര്‍ കൊട്ടിയൂരിലാണ്. പളളിയുടെ ഉടമസ്ഥതയിലുളള കായ്ഫലമുളള മാവ് വെട്ടിമുറിച്ച അയല്‍വാസിക്ക് പൊലീസും പളളിക്കമ്മറ്റിയും ചേര്‍ന്ന് നല്‍കിയ രസകരമായ ശിക്ഷയാണ് ഈ കഥ.

നിറയെ മാങ്ങകളുളള ഒരു മാവ് കണ്ടാല്‍ അതില്‍ കയറി രണ്ട് മാങ്ങ പറിക്കാത്ത ആരുമുണ്ടാകില്ല. മാവ് പൊതുസ്വത്താണെങ്കില്‍ പറയുകയും വേണ്ട. പാല്‍ച്ചുരം ആശ്രമം ജംങ്ഷന് സമീപം ചവറ കുര്യാക്കോസ് ഏലിയാസ് പളളിയോട് ചേര്‍ന്ന മാവിലാണ് പ്രദേശത്തെ യുവാക്കള്‍ മാങ്ങ പറിക്കാന്‍ കയറിയത്. എന്നാല്‍ യുവാക്കളുടെ ഈ മാങ്ങ പറിക്കല്‍ സമീപവാസിയായ ജോസിന് അത്ര ദഹിച്ചില്ല. എങ്കില്‍പിന്നെ ആ മാവങ്ങ് വെട്ടിക്കളയാമെന്ന് ജോസ് തീരുമാനിച്ചു.

മാവ് മുറിക്കുന്നതിനിടെ പൊലീസും പളളിക്കമ്മറ്റി ഭാരവാഹികളും സ്ഥലത്ത് എത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് സ്ഥലത്ത് മൂന്ന് മാവിന്‍തൈകള്‍ നട്ട് പരിപാലിക്കാനും 5000 രൂപ പിഴയടക്കാനും ജോസിന് പൊലീസ് ശിക്ഷ വിധിച്ചത്. എന്തായാലും പാതിവെട്ടിയ നിലയിലുളള മാവിനെ രക്ഷിച്ചെടുക്കാനുളള ശ്രമത്തിലാണ് പ്രദേശത്തെ നാട്ടുകാര്‍.