LiveTV

Live

Kerala

‘പൗരത്വ സമരത്തെ മുഖ്യമന്ത്രി ഒറ്റി’: സര്‍ക്കാരുമായി യോജിച്ച് സമരം നടത്തിയ പ്രതിപക്ഷത്തിനെതിരെ കെ.എസ്.യു

സംയുക്ത സമരം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്

‘പൗരത്വ സമരത്തെ മുഖ്യമന്ത്രി ഒറ്റി’: സര്‍ക്കാരുമായി യോജിച്ച് സമരം നടത്തിയ പ്രതിപക്ഷത്തിനെതിരെ കെ.എസ്.യു

നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് സമരം നടത്തിയ പ്രതിപക്ഷ നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനവുമായി കെ.എസ്.യു. മുഖ്യമന്ത്രി സമരത്തെ സംഘപരിവാറിന് ഒറ്റുകൊടുക്കുകയായിരുന്നുവെന്ന് നേതൃത്വം തിരിച്ചറിയണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. സംയുക്ത സമരം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും കെ.എസ്.യു സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ അഭിജിത്ത് വ്യക്തമാക്കി.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തിയ പ്രതിപക്ഷ നേതൃത്വത്തോട് കെ.എസ്.യുവിന് പറയാന്‍‌ ചിലതുണ്ടെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു അഭിജിത്തിന്റെ പരസ്യ വിമര്‍ശനം. മഹല്ലുകള്‍ നടത്തിയ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞ് കയറിയെന്ന് നിയമസഭയില്‍ പറഞ്ഞതിലൂടെ മുഖ്യമന്ത്രി സമരത്തെ സംഘപരിവാറിന് ഒറ്റുകയായിരുന്നു. ഇരകള്‍ക്ക് ഒപ്പമാണെന്ന് പറയുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വേട്ടക്കാരന് ഓശാന പാടുകയാണെന്നെങ്കിലും പ്രതിപക്ഷ നേതൃത്വം തിരിച്ചറിയണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകങ്ങളും കോണ്‍‌ഗ്രസ് നേതൃത്വത്തെ കെ.എസ്.യു ഓര്‍മ്മിപ്പിച്ചു. സംയുക്ത സമരത്തിന് എതിരായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവര്‍. അതിനാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യ വിമര്‍ശനമായി മാറി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍.