LiveTV

Live

Kerala

ഷിദ ജഗത്തിനും വി.ആര്‍ രാഗേഷിനും സർക്കാറിന്‍റെ മാധ്യമ അവാർഡ്

മീഡിയവണിനും മാധ്യമത്തിനും പുരസ്കാരം

 ഷിദ ജഗത്തിനും വി.ആര്‍ രാഗേഷിനും സർക്കാറിന്‍റെ മാധ്യമ അവാർഡ്

സംസ്ഥാന സർക്കാരിന്റെ 2018ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. സ്പെഷ്യല്‍ ജൂറി പുരസ്കാരം മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിന്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഭിന്നശേഷിക്കാരി നൂര്‍ ജലീലയെക്കുറിച്ചുള്ള വാര്‍ത്തക്കാണ് പുരസ്കാരം. മാധ്യമം സ്റ്റാഫ് കാർട്ടൂണിസ്റ്റ് വി.ആർ രാഗേഷിനാണ് കാർട്ടൂൺ പുരസ്‌കാരം. ഗാന്ധി @ 150 എന്ന കാർട്ടൂണിനാണ് അവാർഡ് ലഭിച്ചത്.

അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാറിനാണ് അവാർഡ്. വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള അവാർഡ് ദേശാഭിമാനി ന്യൂസ് എഡിറ്റർ ലെനി ജോസഫിനാണ്. മാതൃഭൂമിയിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാർക്ക് ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്. മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫിന് ന്യൂസ് ഫോട്ടോഗ്രഫി പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

ടിവി ന്യൂസ് റിപ്പോർട്ടിംഗിൽ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ കെ. അരുൺകുമാറിനാണ് അവാർഡ്. മീഡിയവണിലെ റിപ്പോർട്ടർ ഷിദ ജഗത്തിനും ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനും സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചു. ടിവി അഭിമുഖത്തിനുള്ള അവാർഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് രാജേഷും ഏഷ്യാനെറ്റ് ന്യൂസിലെ കോ ഓർഡിനേറ്റിംഗ് എഡിറ്റർ ജിമ്മി ജെയിംസും അർഹരായി. ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാൻ വിജേഷ് ജി.കെ.പിയ്ക്കാണ് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാർഡ്. മാതൃഭൂമി ന്യൂസിലെ ക്യാമറാമാൻ വേണു പി.എസിന് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്കാണ് ടിവി ന്യൂസ് റീഡർക്കുള്ള അവാർഡ്. മനോരമ ന്യൂസിലെ ചീഫ് വീഡിയോ എഡിറ്റർ അശോകൻ പി.ടിയ്ക്കാണ് ടിവി ന്യൂസ് എഡിറ്റിംഗിനുള്ള അവാർഡ്.