LiveTV

Live

Kerala

തന്നെ സി ഡിറ്റ് ഡയറക്ടറാക്കിയത് മുഖ്യമന്ത്രി, തീരുമാനം മാറ്റുമെന്ന് ആരും കരുതേണ്ട: ജി. ജയരാജ്

ജി.ജയരാജിന്റെ സംഭാഷണം പുറത്തായി.

തന്നെ സി ഡിറ്റ് ഡയറക്ടറാക്കിയത് മുഖ്യമന്ത്രി, തീരുമാനം മാറ്റുമെന്ന് ആരും കരുതേണ്ട: ജി. ജയരാജ്

തന്നെ സി-ഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍റേതാണെന്ന് ജി. ജയരാജ്. തന്നെ ആ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജി. ജയരാജ് അവകാശപ്പെട്ടു. സി.പി.എം സംസ്ഥാന സമിതിയംഗം ടി.എന്‍ സീമയുടെ ഭര്‍ത്താവായ ജി.ജയരാജിന്റെ സംഭാഷണം പുറത്തായി.

സി-ഡിറ്റ് ഡയറക്ടറാക്കി നിയമിക്കപ്പെടാനുള്ള തന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ബുധനാഴ്ച ജയരാജ് യോഗം വിളിച്ചത്. രണ്ട് മണിക്കൂറോളം നടത്തിയ പ്രസംഗത്തിന്റെ അവസാനമാണ് വിവാദ പരാമർശങ്ങൾ. തന്റെ യോഗ്യതയും രാഷ്ട്രീയസ്വാധീനവും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.

തന്നെ നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്കു മറുപടി നല്‍കും. പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്നും എല്ലാവരും ധൈര്യമായിരിക്കാനും സി-ഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജയരാജ് പറഞ്ഞു.

ടി.എന്‍ സീമയുടെ ഭര്‍ത്താവായതു കൊണ്ടല്ല, യോഗ്യതയുള്ളതുകൊണ്ടാണ് താന്‍ സി-ഡിറ്റ് ഡയറക്ടറായതെന്നും ജയരാജ് പ്രസംഗത്തിൽ അവകാശപ്പെട്ടു. സി-ഡിറ്റിനുള്ള പദ്ധതികള്‍ പുറം കരാര്‍ കൊടുത്തു എന്ന കാടടച്ചുള്ള വെടി കേട്ടു ഭയന്നുപോകില്ല. ചില കരാറുകള്‍ ഊരാളുങ്കലിനും കെല്‍ട്രോണിനും നല്‍കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചതെന്നും ജയരാജ് പ്രസംഗത്തില്‍ വെളിപ്പെടുത്തുന്നു.