LiveTV

Live

Kerala

സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിരോധത്തിലായി സര്‍ക്കാര്‍

സി.എ.ജി റിപ്പോർട്ടിൽ പിണറായി വിജയനെടുക്കുന്ന നിലപാട് നിർണ്ണായകമാവും.

സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിരോധത്തിലായി സര്‍ക്കാര്‍

പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിലെ വെളിപ്പെടുത്തൽ സർക്കാറിനെ പ്രതിരോധത്തിലാക്കും. ഡി.ജി.പിയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. അഴിമതിയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.

പൌരത്വനിയമം മാവോയിസ്റ്റ് വേട്ട ഉൾപ്പടെയുളള വിഷയങ്ങളിൽ നേരത്തെ തന്നെ പ്രതിക്കൂട്ടിലായ ആഭ്യന്തര വകുപ്പിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ് സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ.

പൊലീസിൽ നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയറിയുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തിനാണ് സി.എ.ജി റിപ്പോർട്ട് ബലം നൽകുന്നത്. സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ പ്രതിപക്ഷം ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.

പൊലീസിൽ നടക്കുന്ന അഴിമതിയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു. വിവാദ വിഷയങ്ങളിൽ പൊലീസിനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനത്തിനെതിരെ ഇടതുമുന്നണിയിൽ തന്നെ നേരത്തെ വിമർശനമുയർന്നിരുന്നു. അതുകൊണ്ട് തന്നെ സി.എ.ജി റിപ്പോർട്ടിൽ പിണറായി വിജയനെടുക്കുന്ന നിലപാട് നിർണ്ണായകമാവും.