LiveTV

Live

Kerala

യു.എ.പി.എ നിയമത്തിനെതിരെ സക്കരിയയുടെ മാതാവ് സുപ്രീംകോടതിയിലേക്ക്

മകന്‍റെ മോചനമെന്ന ആവശ്യത്തിനുമപ്പുറം യു.എ.പി.എ നിയമം തന്നെ ഇല്ലാതാക്കുകയാണ് കോടതിയെ സമീപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

യു.എ.പി.എ നിയമത്തിനെതിരെ സക്കരിയയുടെ മാതാവ് സുപ്രീംകോടതിയിലേക്ക്

യു.എ.പി.എ നിയമത്തിനെതിരെ പരപ്പനങ്ങാടിയിലെ സക്കരിയയുടെ മാതാവ് ബിയ്യുമ്മ സുപ്രീംകോടതിയിലേക്ക്. ജനാധിപത്യവും ഭരണഘടനയും ഉറപ്പ് നൽകുന്ന പൌരാവകാശത്തിനെതിരാണ് യു.എ.പി.എയെന്ന് ചൂണ്ടികാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. ഫ്രീ സകരിയ്യ ആക്ഷൻ ഫോറത്തിന്റെയും സോളിഡാരിറ്റിയുടെയും പിന്തുണയോടെ നല്‍കുന്ന ഹര്‍ജി അടുത്ത ദിവസം ഫയല്‍ ചെയ്യും.

യു.എ.പി.എ കേസില്‍ 11 വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടിയിലെ സക്കരിയയുടെ ഉമ്മ മറ്റൊരു പോരാട്ടം തുടങ്ങുകയാണ്. മകന്‍റെ മോചനമെന്ന ആവശ്യത്തിനുമപ്പുറം യു.എ.പി.എ നിയമം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുപ്രീംകോടതിയെ സമീപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. യു.എ.പി.എ പോലുള്ള നിയമങ്ങളിലകപ്പെടുന്നവര്‍ക്ക് പരോള്‍ ലഭിച്ചാലും നാട്ടിലെത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്ന കാര്യവും കോടതിയുടെ മുന്നിലെത്തിക്കും.

2008 ജൂലൈ 25ന് നടന്ന ബംഗലൂരു സ്ഫോടനക്കേസിലെ എട്ടാം പ്രതിയാണ് സക്കരിയ. ബോംബുണ്ടാക്കാന്‍ ടൈമറും മൈക്രോ ചിപ്പും നിര്‍മ്മിക്കാന്‍ സഹായിച്ചുവെന്നതാണ് പോലീസ് ചാര്‍ത്തിയിരിക്കുന്ന കുറ്റം. ഫ്രീ സക്കരിയ ആക്ഷന്‍ ഫോറത്തിന്‍റേയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്റേയും സഹായത്തോടെ ഈ ആഴ്ച തന്നെ കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.