LiveTV

Live

Kerala

ട്രെയിനിലെ വന്‍ കവര്‍ച്ച: പിന്നില്‍ പ്രൊഫഷണലുകളെന്ന് അന്വേഷണസംഘം

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനായി അന്വേഷണ സംഘം തമിഴ്‍നാട്ടിലേക്ക് തിരിച്ചു.

ട്രെയിനിലെ വന്‍ കവര്‍ച്ച: പിന്നില്‍ പ്രൊഫഷണലുകളെന്ന് അന്വേഷണസംഘം

ചെന്നൈ- മംഗലൂരു എക്സ്പ്രസ് ട്രെയിനിലെ മോഷണത്തിന് പിന്നില്‍ പ്രഫഷണല്‍ സംഘമാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. മോഷണം നടന്നത് പോത്തന്നൂരിനും ഷൊര്‍ണൂരിനുമിടയിലാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനായി അന്വേഷണ സംഘം തമിഴ്‍നാട്ടിലേക്ക് തിരിച്ചു..

ചെന്നൈ മംഗലൂരു എക്സ്പ്രസിലെ മോഷണം നടത്തിയത് പ്രൊഫഷണല്‍ രീതിയില്‍ മോഷണം നടത്തുന്ന സംഘമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മോഷണം നടത്തിയ രീതി അതാണ് തെളിയിക്കുന്നത്. ട്രെയിനില്‍ യാത്രാക്കാരായി വന്നാണ് കവര്‍ച്ച നടത്തിയത്. പോത്തന്നൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷന്‍ പരിധികളില്‍ എവിടെയെങ്കിലും വെച്ചാകാം മോഷണമെന്നും അന്വേഷണ സംഘം കരുതുന്നു. തമിഴ്നാട്ടിലെ സ്റ്റേഷനുകളിലെ ലഭ്യമായ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും സംഘം ശേഖരിക്കുന്നുണ്ട്. ട്രെയിനില്‍ യാത്ര ചെയ്ത ആളുകളുടെ ലിസ്റ്റ് ശേഖരിച്ചുകഴിഞ്ഞു. ഇവരുടെ അഡ്രസ് കണ്ടെത്തി അന്വേഷണം നടത്തും. യഥാര്‍ത്ഥ അഡ്രസില്‍ മോഷണസംഘം സഞ്ചരിക്കാന്‍ സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

അതേസമയം മലബാര്‍ എക്സ്പ്രസില്‍ മറ്റൊരു സംഘമാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്ഥിരം മോഷ്ടാക്കളാണ് ഇതിനു പിന്നിലെന്നാണ് സൂചന. ചെന്നൈ മംഗലൂരു എക്സ്പ്രസില്‍ നിന്നും 15 ലക്ഷം രൂപയുടെ ആഭരണവും 22000 രൂപയുമാണ് മോഷണ സംഘം കവര്‍ന്നത്. മലബാര്‍ എക്സ്പ്രസില്‍ നിന്നും ഒമ്പതര പവന്റെ സ്വര്‍ണാഭരണവും അതേ ദിവസം മോഷണം പോയിരുന്നു. റെയില്‍വേ പോലീസ് ഡിവൈഎസ് പി.എ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടു കേസുകളും അന്വേഷിക്കുന്നത്.