LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ സി.പി.എമ്മിന് മേധാവിത്വം: വിമര്‍ശനവുമായി സി.പി.ഐ

മുന്നണി എന്ന നിലയിൽ പരിപാടികൾ സംഘടിപ്പിക്കുന്നില്ലെന്നും, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ ഗുണം സി.പി.എമ്മിനാണ് ലഭിക്കുന്നതെന്നും വിമർശനം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ സി.പി.എമ്മിന് മേധാവിത്വം: വിമര്‍ശനവുമായി സി.പി.ഐ

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ സി.പി.എം ഒറ്റക്ക് മേധാവിത്വം നേടുന്നതായി സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം. മുന്നണി എന്ന നിലയിൽ പരിപാടികൾ സംഘടിപ്പിക്കുന്നില്ലെന്നും, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ ഗുണം സി.പി.എമ്മിനാണ് ലഭിക്കുന്നതെന്നും യോഗത്തിൽ വിമർശനമുണ്ടായി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചെങ്കിലും അതിന്റെ ഗുണം സി.പി.എമ്മിന് മാത്രമായി ലഭിക്കുന്നുവെന്നാണ് സി.പി.ഐയിലുണ്ടായ വിമർശനം. സി.പി.എം ഒറ്റക്ക് മേധാവിത്വം നേടിയെടുക്കുകയാണ്. എൽ.ഡി.എഫ് എന്ന നിലയിൽ പ്രതിഷേധ പരിപാടികൾ സംഘിപ്പിക്കുന്നില്ലെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനമുയർന്നു.

എന്നാൽ വിമർശനങ്ങളെ തള്ളിക്കളഞ്ഞാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകിയത്. മുഖ്യമന്ത്രി മുന്നണിയുടേതാണെന്നും, അത് പ്രചരിപ്പിച്ചാൽ വിമർശനങ്ങൾ ഇല്ലാതാകുമെന്നും കാനം വ്യക്തമാക്കി.

ശബരിമല വിഷയത്തിലും യോഗത്തിൽ വിമർശനമുണ്ടായി. മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നും, അത് തെറ്റായ സന്ദേശം നൽകിയെന്നുമാണ് കൗൺസിൽ അംഗങ്ങൾ വിമർശനമുന്നയിച്ചത്. സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ യോഗത്തിൽ പ്രമേയം പാസാക്കി.