LiveTV

Live

Kerala

തടങ്കൽ പാളയങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശം നൽകിയത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍: മുഖ്യമന്ത്രി

സെൻസസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്. എൻ.പി.ആർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി.

തടങ്കൽ പാളയങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശം നൽകിയത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ലെന്ന നിലപാട് നിയമസഭയിലും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2015ൽ തടങ്കൽ പാളയങ്ങൾ തുടങ്ങാനുള്ള ഫയൽ സാമൂഹിക നീതി വകുപ്പിന് കൈമാറിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. വിസ കാലാവധി കഴിഞ്ഞ വിദേശികളെ താമസിപ്പിക്കാനുള്ള കെട്ടിടം നിര്‍മിക്കാനാണ് ആവശ്യപ്പെട്ടതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിശദീകരണം.

2012 ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തും തടങ്കൽ പാളയങ്ങൾ നിർമ്മിക്കാനുള്ള നിർദേശം നൽകിയത്. ഈ ഫയൽ 2015 ഡിസംബറിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല സാമൂഹിക നീതി വകുപ്പിന് കൈമാറി. ഈ ഉത്തരവ് നിലനിൽക്കുന്നു. എന്നാൽ സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ല എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ചു. സണ്ണി ജോസഫ് എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി നൽകിയത്.

വിസ കാലാവധി കഴിഞ്ഞ് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന വിദേശികളെ മാറ്റിപാർപ്പിക്കുന്ന ഫയലാണ് സാമൂഹിക നീതി വകുപ്പിന് കൈമാറിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക മാറുന്നതു വരെ സെൻസ് നടപടികൾ നിർത്തിവക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. സെൻസസുമായി ബന്ധപ്പെട്ട് ഭീതി പരത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ജനങ്ങളുടെ ആശങ്ക മാറ്റാൻ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.