LiveTV

Live

Kerala

മുൻ എസ്ഐയുടെ കാർ തട്ടിയെടുത്തത് നിരോധിത തീവ്രവാദ സംഘടനയിലെ അംഗത്തിനായി: രണ്ടുപേര്‍ അറസ്റ്റില്‍

11 കാറുകൾ ഇത്തരത്തിൽ റഫീഖിനു കൈമാറിയതായി ഇരുവരും സമ്മതിച്ചു.

മുൻ എസ്ഐയുടെ കാർ തട്ടിയെടുത്തത് നിരോധിത തീവ്രവാദ സംഘടനയിലെ അംഗത്തിനായി: രണ്ടുപേര്‍ അറസ്റ്റില്‍

നിരോധിത തീവ്രവാദ സംഘടനയിലെ അംഗത്തിനായി മുൻ എസ്ഐയുടെ കാർ തട്ടിയെടുത്ത കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി സ്വദേശി ഇല്യാസ്, ആലുവ സ്വദേശി നിഷാദ് എന്നിവരാണ് പിടിയിലായത്. ഇവരെ തുടരന്വേഷണത്തിനായി എന്‍ഐഎയ്ക്ക് കൈമാറിയേക്കും. കാർ കണ്ടെത്തിയിട്ടില്ല.

നിരോധിത തീവ്രവാദ സംഘടനയായ അൽഉമ്മയുടെ പ്രവർത്തകനും ബെംഗളൂരു സ്ഫോടനക്കേസിൽ 14 വർഷം ജയിലിൽ കഴിഞ്ഞയാളുമായ തൊപ്പി റഫീഖ്, ഭായി റഫീഖ് എന്നീ പേരുകളിൽ അറിയപ്പെടുന്ന മുഹമ്മദ് റഫീഖിനാണു കാറുകൾ കൈമാറുന്നതെന്ന് ഇരുവരും പൊലീസിനു മൊഴി നൽകി. അറസ്റ്റിലായവർക്കു തീവ്രവാദ ബന്ധമുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

കാർ വാടകയ്ക്കു നൽകാനായി നൽകിയ പരസ്യം കണ്ട് ഇല്യാസ് മുൻ എസ്ഐയെ ബന്ധപ്പെടുകയായിരുന്നു. വാടക സംബന്ധിച്ചു ധാരണയിലെത്തിയ ഇല്യാസ് 10,000 രൂപ നൽകി കാറുമായി പോയി. എന്നാൽ കോട്ടയം വിട്ടതോടെ ഇല്യാസ് ഫോണിലെ സിം നശിപ്പിച്ചു. കാർ കൈമാറി ഒരാഴ്ച കഴിഞ്ഞിട്ടും ഇല്യാസിനെക്കുറിച്ചു വിവരം ലഭിക്കാതെ വന്നപ്പോൾ മുൻ എസ്ഐ പരാതി നൽകുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് പ്രതികളെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്നു കാർ വാടകയ്ക്കു നൽകാനുണ്ടെന്ന് ഓൺലൈൻ വെബ് സൈറ്റിൽ പൊലീസ് പരസ്യം നൽകി. പരസ്യം കണ്ട ഇല്യാസ് വ്യാജ പേരിൽ ബന്ധപ്പെട്ടു. തിരുവല്ലയിലേക്കു പ്രതികളെ വിളിച്ചു. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഇല്യാസിനെ അവിടെ വച്ചു പിടിച്ചു.

ഇല്യാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നിഷാദിനെയും പിടിച്ചു. 11 കാറുകൾ ഇത്തരത്തിൽ റഫീഖിനു കൈമാറിയതായി ഇരുവരും സമ്മതിച്ചു. ഇരുവരും വിവിധ സ്റ്റേഷനുകളിൽ പല കേസുകളിൽ പ്രതികളാണ്.