LiveTV

Live

Kerala

എംഎസ്എഫ് സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ നടന്ന ബഹളത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന്

കൌണ്‍സിലര്‍മാരില്‍ ഒരു വിഭാഗം വേദിയില്‍ കയറി ബഹളം വെച്ചു. വരണാധികാരിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പി എം സാദിഖലി, സി പി ചെറിയ മുഹമ്മദ് എന്നിവരെ തടഞ്ഞുവെച്ചു.

എംഎസ്എഫ് സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ നടന്ന ബഹളത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന്

എംഎസ്എഫ് സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ നടന്ന ബഹളത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന്. കൌണ്‍സിലര്‍മാരില്‍ ഒരു വിഭാഗം വേദിയില്‍ കയറി ബഹളം വെച്ചു. വരണാധികാരിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പി എം സാദിഖലി, സി പി ചെറിയ മുഹമ്മദ് എന്നിവരെ തടഞ്ഞുവെച്ചു. ബഹളത്തെ തുടര്‍ന്ന് നേതൃത്വം ഇടപെടുകയും പതിനാറാം തീയതിയിലേക്ക് കൌണ്‍സില്‍ മാറ്റിവെക്കുകയും ചെയ്തു.

സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനായി കോഴിക്കോട് ചേര്‍ന്ന എം.എസ്.എഫ് സംസ്ഥാന കൌണ്‍സില്‍ യോഗത്തിലാണ് ബഹളമുണ്ടായത്. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമുണ്ടാക്കിയത്.

എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ തര്‍ക്കത്തെത്തുടര്‍ന്ന് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഭാരവാഹികളെ തെരഞ്ഞെടുക്കാനായി കോഴിക്കോട് എം.എസ്.എഫ് സംസ്ഥാന കൌണ്‍സില്‍ യോഗം ചേര്‍ന്നത്.

എം.എസ്.എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായിരുന്ന നിഷാദ് കെ സലീമിനെ പ്രസിഡന്റാക്കണമെന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം. പി കെ നവാസിനെ പ്രസിഡന്റാക്കണമെന്ന് മറു വിഭാഗവും നിലപാടെടുത്തു. വരണാധികാരിയായ ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി, സാദിഖലി തങ്ങള്‍ പിന്തുണക്കുന്ന പി കെ നവാസിനെ പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയതോടെ ബഹളം തുടങ്ങി. തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ഔദ്യോഗിക പക്ഷം മുന്നോട്ട് വെച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഭാരവാഹി പ്രഖ്യാപനം നടത്തുമെന്നും യോഗം അവസാനിപ്പിക്കാമെന്നും പി എം സാദിഖലി പറഞ്ഞതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരായി. പി എം സാദിഖലിയെയും യോഗത്തിലുണ്ടായിരുന്ന ലീഗ് നേതാവ് സി പി ചെറിയമുഹമ്മദിനെയും ഒരു വിഭാഗം തടഞ്ഞു. പിന്നീട് നിരവധി തവണ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. ഒടുവില്‍ എം.കെ മുനീറും പി കെ ഫിറോസുമെത്തി ചര്‍ച്ച നടത്തി. ഇതിനൊടുവിലാണ് തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്താമെന്ന ധാരണയായത്. ഈ മാസം പതിനാറിന് ഇതിനായി വീണ്ടും യോഗം ചേരാനും തീരുമാനമായി.