LiveTV

Live

Kerala

ഷഹ്‍ല ഷെറിന്‍റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി കെ.പി.എ മജീദ്

വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കെ.പി.എ മജീദിന്‍റെ വിശദീകരണം

ഷഹ്‍ല ഷെറിന്‍റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി കെ.പി.എ മജീദ്

ഷെഹ്‍ല ഷെറിന്‍ വിഷയത്തില്‍ വിവാദ പരമാര്‍ശവുമായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കെ.എസ്.ടി.യു സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ.പി.എ മജീദിന്‍റെ വിവാദ പരാമര്‍ശം. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുകയായിരുന്നു മജീദ്. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി ഇപ്പോളാരാണെന്ന് അറിയില്ല. എല്ലാവരും അബ്ദുറബ്ബോ സിഎച്ചോ അണ് വിദ്യാഭ്യാസ മന്ത്രിയെന്ന വിചാരത്തിലാണ്. ഏതോ ഒരു സ്കൂളിലെ കുട്ടിയെ പാമ്പ് കടിച്ചെന്ന് കരുതി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും മാളം തപ്പി നടക്കുകയാണ് അധ്യാപകരെന്നും മജീദ് പരിഹസിച്ചു. കാതലായ മാറ്റം വിദ്യാഭ്യാസ രംഗത്തില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഷഹ്‍ല ഷെറിന്‍റെ പാമ്പുകടിയേറ്റുള്ള മരണത്തെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ രംഗത്തെത്തിയ യുഡിഎഫിനെ വെട്ടിലാക്കുന്നതാണ് മജീദിന്‍റെ പ്രസ്താവന.

അതേ സമയം ഈ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ.പി.എ മജീദ് രംഗത്തെത്തി. മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് മജീദ് ആരോപിച്ചു. സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച കുട്ടിയാണ് പാമ്പ് കടിയേറ്റ് മരിച്ചത്.അതിന്‍റെ പേരില്‍ എയ്ഡഡ് സ്കൂളുകളെ വേട്ടയാടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്‍റെ അനാസ്ഥയില്‍ ജീവന്‍ പൊലിഞ്ഞ ആ പാവപ്പെട്ട കുട്ടിയുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മജീദ് അഭ്യര്‍ത്ഥിക്കുന്നു.