LiveTV

Live

Kerala

രണ്ട് ട്രെയിനുകളിലെ വന്‍ കവര്‍ച്ച: പിന്നില്‍ ഒരു സംഘം തന്നെയെന്ന് സംശയം

രണ്ട് ട്രെയിനിലെയും മുഴുവന്‍ റിസര്‍വേഷന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ റെയില്‍വേ പൊലീസ് ശേഖരിച്ചു

രണ്ട് ട്രെയിനുകളിലെ വന്‍ കവര്‍ച്ച: പിന്നില്‍ ഒരു സംഘം തന്നെയെന്ന് സംശയം

രണ്ട് ട്രെയിനുകളിലായി നടന്ന വന്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരു സംഘം തന്നെയാണോയെന്ന സംശയവുമായി അന്വേഷണ സംഘം. രണ്ട് ട്രെയിനിലെയും മുഴുവന്‍ റിസര്‍വേഷന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ റെയില്‍വേ പൊലീസ് ശേഖരിച്ചു. ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലെ എ 1 കംപാര്‍ട്ട്മെന്റിലെ മുഴുവന്‍ യാത്രക്കാരേയും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും.

മുന്‍പ് ട്രെയിനില്‍ മോഷണം നടത്തിയ കേസുകളിലെ പ്രതികളായ മുഴുവന്‍ പേരുടേയും വിവരങ്ങള്‍‌ റെയില്‍വെ പൊലീസ് ശേഖരിച്ചു. ഇവരില്‍ ആരെങ്കിലും മോഷണ സമയത്ത് ഇതേ ട്രെയിനുകളില്‍ ഉണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ചെന്നൈ - മംഗലാപുരം എക്സ്പ്രസിലും മലബാര്‍ എക്സ്പ്രസിലും മോഷണം നടത്തിയത് ഒരേ സംഘമാണെന്ന് സംശയിക്കുന്ന അന്വേഷണ സംഘം, ചെന്നൈ എക്സ്പ്രസിലെ മോഷണവും ട്രെയിന്‍ കേരളത്തില്‍ പ്രവേശിച്ച ശേഷമാകുമെന്നും കണക്ക് കൂട്ടുന്നു. അതിനാല്‍ മുഴുവന്‍ സ്റ്റേഷനുകളിലേയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

കാഞ്ഞങ്ങാട് സ്വദേശി അനുരുദ്ധന് 4 ലക്ഷം രൂപയുടെ ആഭരണങ്ങള്‍‌ നഷ്ടമായ മലബാര്‍ എക്സ്പ്രസിലെ മോഷണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അങ്കമാലിയ്ക്കും വടകരയ്ക്കും ഇടയിലുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ വിശദമായ പരിശോധിക്കും. ട്രെയിന്‍ വരുന്നതിനും കടന്നു പോകുന്നതിനും ഇടയിലുള്ള സമയത്തെ ദൃശ്യങ്ങളില്‍ നിന്നും സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 10 ലക്ഷം രൂപയുടെ ആഭരണങ്ങളും 22000 രൂപയും നഷ്ടമായ പൊന്നുമാരന്‍ യാത്ര ചെയ്തിരുന്ന ചെന്നൈ - മംഗലാപുരം സൂപ്പര്‍ ഫാസ്റ്റിന്റെ എ വണ്‍ കോച്ചിലെ മുഴുവന്‍ യാത്രക്കാരേയും വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യാനുള്ള നടപടിയും തുടങ്ങി.

അസ്വാഭാവികമായി എന്തെങ്കിലും യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. മോഷ്ടാക്കള്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളികളയുന്നില്ല. കോഴിക്കോട് റെയില്‍വേ സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.