LiveTV

Live

Kerala

കോട്ടയത്ത് ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി

രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

കോട്ടയത്ത് ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി

കോട്ടയം കോടിമതയിൽ വോൾവോ ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. കഞ്ചാവ് കൊണ്ടുവന്ന സേലം സ്വദേശി ശങ്കർ ഗണേശിനെ അറസ്റ്റ് ചെയ്തു.

സേലത്ത് നിന്ന്‌ കോട്ടയത്ത് എത്തിയ വോൾവോ ബസിൽ നിന്നാണ് 10 കിലോ കഞ്ചാവ് പിടികൂടിയത്. കോട്ടയം കോടിമതയിൽ ബസ്സിറങ്ങിയ സേലം സ്വദേശി ശങ്കർ ഗണേശിന്റെ കയ്യിൽ നിന്നുമാണ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. നേരത്തേയും ശങ്കർ ഗണേശ് സേലത്തു നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ട്.

അഞ്ച് പൊതികളിലായി പാക്ക് ചെയ്ത് വലിയ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോട്ടയത്തെത്തിച്ച കഞ്ചാവ് മറ്റൊരു സംഘത്തിന് കൈമാറാനായിരുന്നു പദ്ധതി. ശങ്കർ ഗണേശിന്റെ പിന്നിൽ വലിയ ഒരു സംഘം തന്നെ ഉണ്ടെന്നാണ് എക്സൈസ് പറയുന്നത്. ഈ സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. കോട്ടയം ജില്ലയിൽ കഞ്ചാവ് മാഫിയ സജീവമായതായി എക്സൈസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.