LiveTV

Live

Kerala

കോട്ടയം കാരിക്കോട് പള്ളിയിൽ കോടതി വിധി നടപ്പാക്കി

പള്ളി ഗേറ്റ് യാക്കോബായ വിഭാഗം താഴിട്ട് പൂട്ടിയെങ്കിലും പൊലീസിന്റെ സഹായത്താൽ പൂട്ട് പൊളിച്ച് ഓർത്തഡോക്സ് വിഭാഗം അകത്ത് കയറി.

കോട്ടയം കാരിക്കോട്  പള്ളിയിൽ കോടതി വിധി നടപ്പാക്കി

ഓർത്തഡോക്സ് - യാക്കോബായ തർക്കം നിലനിൽക്കുന്ന കോട്ടയം കാരിക്കോട് സെന്‍റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. പൊലീസ് സഹായത്തോടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്തി. യാക്കോബായ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം മറികടന്നാണ് വിധി നടപ്പാക്കിയത്.

128 വർഷം പഴക്കമുള്ള പള്ളിയിൽ യാക്കോബായ വിഭാഗം വിശ്വാസികൾക്കാണ് ഭൂരിപക്ഷം. വിധി നടപ്പാക്കൽ പ്രയാസമാകുമെന്ന് കരുതിയെങ്കിലും വലിയ പ്രശ്നത്തിലേക്ക് കാര്യങ്ങൾ പോയില്ല. ഇടുക്കി എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം എത്തിയാണ് വിധി നടപ്പാക്കിയത്. യാക്കോബായ വിഭാഗത്തിന്റെ ആരാധനയ്ക്ക് ശേഷം ഏഴ് മണിയോടെയാണ് ഓർത്തഡോക്സ് വിശ്വാസികൾ പള്ളിയിലെത്തിയത്. നാല് കുടുംബങ്ങളിലെ ഒൻപത് പേരാണ് ആരാധന നടത്തിയത്.

യാക്കോബായ വിഭാഗം പള്ളിയുടെ ഗേറ്റ് താഴിട്ട് പൂട്ടിയെങ്കിലും പൊലീസും ഫയർഫോഴ്സും ചേർന്ന് പൂട്ട് പൊളിച്ചു. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കിയെങ്കിലും പൊലീസ് കൃത്യമായി ഇടപെട്ടു. അതേസമയം പള്ളി സ്വന്തമാക്കാൻ വേണ്ടി നിയമനടപടികൾ തുടരാനാണ് യാക്കോബായ വിഭാഗത്തിന്റെ തീരുമാനം. നൂറിലധികം യാക്കോബായ കുടുംബങ്ങളാണ് പള്ളിക്ക് കീഴിലുള്ളത്. വിശ്വാസികൾ തടിച്ച് കൂടിയെങ്കിലും സമാധാനപരമായിരുന്നു നടപടികൾ.