LiveTV

Live

Kerala

സംസ്ഥാന ബജറ്റില്‍ വികസനത്തിന് വകയിരുത്തുന്ന തുക പൂര്‍ണമായി ചെലവഴിക്കുന്നില്ല

2018-19ല്‍ അടിസ്ഥാന സൌകര്യ വികസനത്തിനായി 1638 കോടി രൂപ വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 250 കോടി രൂപ മാത്രം. വിശപ്പു രഹിത കേരളം പദ്ധതിയുടെ അവസ്ഥയും സമാനം.

സംസ്ഥാന ബജറ്റില്‍ വികസനത്തിന് വകയിരുത്തുന്ന തുക പൂര്‍ണമായി ചെലവഴിക്കുന്നില്ല

സംസ്ഥാന ബജറ്റില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തുന്ന തുകകള്‍ പൂര്‍ണമായി ചെലവഴിക്കുന്നില്ലെന്ന് കണക്കുകള്‍. ബജറ്റ് വകയിരുത്തലും യഥാര്‍ഥ ചെലവഴിക്കലും തമ്മിലുള്ളത് വലിയ അന്തരമാണ്. 2018-19ല്‍ അടിസ്ഥാന സൌകര്യ വികസനത്തിനായി 1638 കോടി രൂപ വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 250 കോടി രൂപ മാത്രം. വിശപ്പു രഹിത കേരളം പദ്ധതിയുടെ അവസ്ഥയും സമാനം. നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുകളിലൂടെയാണ് ഈ അന്തരം പുറത്തു വന്നത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖ പദ്ധതി, തെരഞ്ഞെടുക്കപ്പെട്ട റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം തുടങ്ങി അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍ക്കായി 2016-17ല്‍ ബജറ്റില്‍ നീക്കിവെച്ചത് 2536.07 കോടി രൂപയാണ്. എന്നാല്‍ 911.50 കോടി രൂപ മാത്രമാണ് ഇതില്‍ നിന്ന് ചെലവഴിച്ചത്. 2017 -18 ല്‍ സ്ഥിതി മെച്ചപ്പെട്ടു. 1552 കോടി രൂപ വകയിരുത്തിയതില്‍ 1336.6 കോടി രൂപ ചെലവഴിച്ചു. എന്നാല്‍ 18-19 ലും 19-20 ആയപ്പോഴേക്കും കാര്യങ്ങള്‍ തകിടം മറഞ്ഞു. 2018-19 ല്‍ 1638.31 വകയിരുത്തിയിടത്ത് ചെലവാക്കിയത് 250.77 കോടി രൂപ മാത്രം. 2019-20ല്‍ 1643.3 കോടി രൂപ വകയിരുത്തുകയും 110.94 കോടി രൂപ മാത്രം ചെലവഴിക്കുകയും ചെയ്തു.

ഈ ബജറ്റിലും അടിസ്ഥാന സൌകര്യ വികസനത്തിനായി 1000 കോടി രൂപക്ക് മുകളില്‍ മാറ്റിവെച്ചിട്ടുണ്ട്. ഈ ബജറ്റില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച വിശപ്പുരഹിത കേരളം പദ്ധതിക്ക് 2018-19 മുതല്‍ തുക വകയിരുത്തുന്നുണ്ട്. രണ്ടു വര്‍ഷങ്ങളിലുമായി വകയിരുത്തിയതും ഈ വര്‍ഷത്തെ വകയിരുത്തലും സമാനം. 20 കോടി രൂപ. എന്നാല്‍ 18-19 ല്‍ 2.2 കോടി രൂപയും നടപ്പുവര്‍ഷത്തില്‍ ഇതുവരെ 4.5 കോടി രൂപയും മാത്രമാണ് ചെലവഴിച്ചത്. പ്രതീക്ഷിക്കുന്ന വരുമാനം പൂര്‍ണതോതില്‍ ലഭിക്കാത്തതും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് ഈ സ്ഥിതിക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.