LiveTV

Live

Kerala

തിരുവാഭരണത്തിന്റെ കണക്കെടുക്കാനും പരിശോധിക്കാനും സുപ്രീം കോടതി ഏകാംഗ കമ്മീഷനെ നിയോഗിച്ചു

ഹൈക്കോടതി റിട്ടയേഡ് ജഡ്ജി സി.എൻ രാമചന്ദ്രൻ നായര്‍ക്കാണ് ചുമതല

തിരുവാഭരണത്തിന്റെ കണക്കെടുക്കാനും പരിശോധിക്കാനും സുപ്രീം കോടതി ഏകാംഗ കമ്മീഷനെ നിയോഗിച്ചു

ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുക്കാനും പരിശോധിക്കാനും സുപ്രീം കോടതി ഏകാംഗ കമ്മീഷനെ നിയോഗിച്ചു. ഹൈക്കോടതി റിട്ടയേഡ് ജഡ്ജി സി.എൻ രാമചന്ദ്രൻ നായര്‍ക്കാണ് ചുമതല. ഹരജിക്കാരുടെ വക്കാലത്തുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലെ ഒപ്പ് പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ ജഡ്ജിയെയും കോടതി നിയോഗിച്ചു.

ഹരജി പരിഗണിച്ചപ്പോൾ തന്നെ പന്തളം രാജകുടുംബത്തിന്റെ വക്കാലത്തുമായി ബന്ധപ്പെട്ട് അഭിഭാഷകർ കോടതിയിൽ തർക്കിച്ചു. നാടകീയമായ രംഗങ്ങൾക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. പ്രധാന ഹരജിക്കാരനായ രേവതി നാൾ രാമ രാമ വർമയിൽ നിന്ന് വക്കാലത്ത് ലഭിച്ചെന്ന് മുതിർന്ന അഭിഭാഷകരായ സായ് ദീപകും രാധാകൃഷ്ണനും തമ്മിലാണ് തർക്കിച്ചത്. തങ്ങൾക്ക് വക്കാലത്തിന് സത്യവാങ്മൂലം ലഭിച്ചിട്ടുണ്ടെന്ന് സായ്ദീപക് വാദിച്ചപ്പോൾ സത്യവാങ്മൂലത്തിലെ ഒപ്പ് വ്യാജമാണെന്ന് മറുഭാഗവും വാദിച്ചു. ഇത് പരിശോധിക്കാൻ കോടതി പത്തനംതിട്ട ജില്ലാ ജഡ്ജിയെ നിയമിച്ചു. ഈ സാഹചര്യത്തിൽ തിരുവാഭരണങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് കോടതി നിരീക്ഷിച്ചു.

ആഭരണങ്ങൾ പരിശോധിക്കാനും കണക്കെടുക്കാനുമായി ഹൈക്കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ കോടതി നിയമിച്ചു. നാലാഴ്ച്ചക്കകം ആഭരണങ്ങളുടെ കണക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. രാജകുടുംബത്തിലെ തർക്കം രമ്യമായി പരിഹരിക്കാനാകുമോയെന്ന് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിനോട് കോടതി ആരാഞ്ഞു. വ്യക്തിപരമായി പരിശ്രമിക്കാമെന്ന് എജി കോടതിയെ അറിയിച്ചു.