LiveTV

Live

Kerala

സെമിത്തേരികളിലെ സംസ്കാരം: ബിൽ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി

മറ്റ് ക്രിസ്ത്യന്‍ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.

സെമിത്തേരികളിലെ സംസ്കാരം: ബിൽ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി

ക്രിസ്ത്യന്‍ സെമിത്തേരികളിൽ മൃതദേഹം സംസ്കരിക്കുന്നതിന് അവകാശം നൽകുന്ന ബിൽ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി. മറ്റ് ക്രിസ്ത്യന്‍ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച നിയമസഭാ സബജക്ട് കമ്മറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹം സംസ്കരിക്കാനുള്ള അവകാശം നൽകുന്ന ബിൽ, എല്ലാ ക്രിസ്ത്യന്‍ സഭകള്‍ക്കും ബാധകമാകുമെന്ന പ്രശ്നം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഉയര്‍ന്നിരുന്നു. യാക്കോബായ, ഓര്‍ത്തഡോക്സ് തര്‍ക്കത്തെ തുടര്‍ന്ന് ശവസംസ്കാരം മുടങ്ങുന്നതിന് പരിഹാരമായി മാത്രം കൊണ്ടുവരേണ്ട നിയമം എന്തിനാണ് എല്ലാ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കും ബാധകമാക്കുന്നതെന്ന ചോദ്യം നിയമസഭക്കുള്ളില്‍ പ്രതിപക്ഷവും ഉന്നയിച്ചു.

നിയമത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സിറോ മലബാര്‍ സഭ മുഖ്യമന്ത്രിക്ക് കത്തും നല്‍കി. ഇതെ തുടര്‍ന്നാണ് നിയമസഭാ സബ്ജക്ട് കമ്മറ്റി ബില്‍ തിരുത്തിയത്. നിയമം യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി. ഇത് സംബന്ധിച്ച സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ചു. ബില്ലിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ''കേരള ക്രിസ്ത്യൻ മലങ്കര - ഓർത്തഡോക്സ് സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം'' എന്നാക്കാനാണ് തീരുമാനം.

സബ്ജക്ട് കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് രേഖപ്പെടുത്തി. ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ചർച്ച വേണമായിരുന്നുവെന്നും മറ്റ് ക്രൈസ്തവ വിഭാഗങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാരിനു കഴിഞ്ഞില്ലെന്നും വിയോജനക്കുറിപ്പിൽ പ്രതിപക്ഷം വ്യക്തമാക്കി. ഓര്‍ത്ത‍ഡോക്സ്, യാക്കോബായ വിഭാഗങ്ങളുടെ തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ മാസങ്ങളോളം സംസ്കരിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ നിയമനിര്‍മ്മാണത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഓര്‍ത്തഡോക്സ് സഭ.