LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതി; മലപ്പുറത്ത് ബി.ജെ.പിയില്‍ കൂട്ടരാജി, 30 കുടുംബങ്ങള്‍ പാര്‍ട്ടിവിട്ടു 

മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി കളത്തിങ്ങല്‍ കോളനിയിലെ 30 ഓളം വരുന്ന കുടുംബങ്ങളിൽ നിന്നുള്ള 150 ഓളം പ്രവർത്തകരാണ് ബിജെപി വിട്ടത്.

പൗരത്വ നിയമ ഭേദഗതി; മലപ്പുറത്ത് ബി.ജെ.പിയില്‍ കൂട്ടരാജി, 30 കുടുംബങ്ങള്‍ പാര്‍ട്ടിവിട്ടു 

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് 150 ഓളം ബി.ജെ.പി പ്രവർത്തകർ രാജിവെച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി കളത്തിങ്ങല്‍ കോളനിയിലെ 30 ഓളം വരുന്ന കുടുംബങ്ങളിൽ നിന്നുള്ള 150 ഓളം പ്രവർത്തകരാണ് ബിജെപി വിട്ടത്. പാർട്ടി വിടുന്നുവെന്ന് കാണിച്ച് കുടുംബ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്തിന് ഇവർ രാജിക്കത്ത് കൈമാറി.

മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും മതസൗഹാർദ്ദം തകർക്കുകയും ചെയ്യുന്ന പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. പൗരത്വ നിയമ ഭേദഗതി അനുകൂലിച്ച് പ്രദേശത്ത് ബിജെപി സംഘടിപ്പിക്കാനിരുന്ന വിശദീകരണ യോഗത്തിൽ പങ്കെടുക്കില്ലെന്ന് കുടുംബ കമ്മിറ്റി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മലപ്പുറത്തെ ഓഫീസിലെത്തി ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്തിനെ നേരില്‍ കണ്ടാണ് പ്രവര്‍ത്തകര്‍ രാജിക്കത്ത് നല്‍കിയത്.

കളത്തിങ്ങല്‍ കോളനിയിൽ 2009ൽ രൂപീകരിച്ച കുടുംബ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്രയും കുടുംബങ്ങൾ ബി.ജെ.പി.യിൽ അംഗത്വമെടുത്തത്. പ്രദേശത്ത് ബി.ജെ.പി.യുടെ പ്രവർത്തനങ്ങൾക്ക്കൂടി നേതൃത്വം നൽകിയിരുന്ന പുല്ലഞ്ചേരി കളത്തിങ്ങൾ കോളനി കുടുംബ കമ്മിറ്റി പ്രസിഡന്റ് സുനീഷ് പുല്ലഞ്ചേരി, സെക്രട്ടറി കെ.ബാലസുബ്രമണ്യൻ, എം.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതായി രേഖാമൂലം ബി.ജെ.പി ജില്ലാ ഓഫീസിലെത്തി ജില്ലാ പ്രസിഡന്റിനെ അറിയിച്ചത്.