LiveTV

Live

Kerala

പൗരത്വ പ്രക്ഷോഭത്തെ പിണറായി പിന്നില്‍നിന്ന് കുത്തി; വെല്‍ഫെയര്‍ പാര്‍ട്ടി

പൗരത്വ പ്രക്ഷോഭത്തെ തീവ്രവാദ മുദ്രചാര്‍ത്തി തകര്‍ക്കാന്‍ നരേന്ദ്ര മോദിക്ക് പാര്‍ലമെന്റില്‍ അവസരമൊരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രി എന്ന ഖ്യാതിയാണ് ഇനി പിണറായിക്ക് ചേരുക.

പൗരത്വ പ്രക്ഷോഭത്തെ പിണറായി പിന്നില്‍നിന്ന് കുത്തി; വെല്‍ഫെയര്‍ പാര്‍ട്ടി

പൗരത്വ പ്രക്ഷോഭങ്ങളുടെ രക്ഷാകര്‍ത്താവാണെന്ന് മേനിനടിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പൗരത്വ പ്രക്ഷോഭത്തെ പിന്നില്‍നിന്ന് കുത്തിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

പൗരത്വ പ്രക്ഷോഭത്തെ തീവ്രവാദ മുദ്രചാര്‍ത്തി തകര്‍ക്കാന്‍ നരേന്ദ്ര മോദിക്ക് പാര്‍ലമെന്റില്‍ അവസരമൊരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രി എന്ന ഖ്യാതിയാണ് ഇനി പിണറായിക്ക് ചേരുക. പൗരത്വ പ്രക്ഷോഭത്തിലും സംഘ്പരിവാര്‍ വിരുദ്ധ സമരത്തിലും കേരള മുഖ്യമന്ത്രി സ്വീകരിക്കുന്ന ഇരട്ടമുഖം എത്രമാത്രം അപകടകരമാണ് എന്ന് ഇനിയെങ്കിലും കേരളം മനസ്സിലാക്കണം. യു.എ.പി.എ വിഷയത്തിലും ഇതേ കള്ളത്തരമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സ്വന്തം അനുയായികളെ എന്‍.ഐ.എക്ക് വലിച്ചെറിഞ്ഞ് കൊടുത്ത ഒരാളില്‍നിന്ന് ഇതില്‍പരം മറ്റൊന്നും പ്രതീക്ഷിക്കാനില്ല.

തന്റെ കീഴിലുള്ള കേരള പൊലീസിലെ ഒരു സബ് ഇന്‍സ്‌പെക്ടറില്‍ നിന്ന് പോലും ജനങ്ങളെ രക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി സി.എ.എ, എന്‍.ആര്‍.സി എന്നിവയില്‍ നിന്ന് കേരളത്തെ രക്ഷിക്കും എന്ന് പറയുന്നത് ഗീര്‍വാണം മാത്രമായേ കാണാനാവൂ. ഇത്തരം വ്യാജ ബിംബങ്ങളിലല്ല, യഥാര്‍ഥ ജനകീയ പ്രക്ഷോഭങ്ങളില്‍ മാത്രമേ ജനങ്ങള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞ് പൗരത്വ പ്രക്ഷോഭത്തെ കൂടുതല്‍ വിപുലപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.