LiveTV

Live

Kerala

പെണ്ണായ മമതയുടെ ശൗര്യം പോലും പിണറായിക്കില്ലെന്ന് കെ.എം ഷാജി; പെണ്ണ് ഭരിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ശൈലജ ടീച്ചര്‍

ഷാനി മോള്‍ ഉസ്മാന്റെ അടുത്ത് നിന്ന് ഇങ്ങിനെ പറയാന്‍ ഷാജിക്ക് നാണമില്ലേയെന്നും ശൈലജ ചോദിച്ചു

 പെണ്ണായ മമതയുടെ ശൗര്യം പോലും പിണറായിക്കില്ലെന്ന് കെ.എം ഷാജി; പെണ്ണ് ഭരിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ശൈലജ ടീച്ചര്‍

പൗരത്വ വിഷയത്തിൽ മമതാ ബാനർജിയെയും പിണറായി വിജയനെയും താരതമ്യം ചെയ്ത് കൊണ്ടുള്ള കെ.എം ഷാജിയുടെ പരാമർശം നിയമസഭയില്‍ ബഹളത്തിനിടയാക്കി. ഒരു പെണ്ണായ മമതയുടെ ശൗര്യം പോലും പിണറായിക്കില്ലെന്നായിരുന്നു ഷാജിയുടെ പരാമര്‍ശം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ഭരണപക്ഷം രംഗത്ത് വന്നു. പെണ്ണ് ഭരിച്ചാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ചോദ്യം. ഷാനി മോള്‍ ഉസ്മാന്റെ അടുത്ത് നിന്ന് ഇങ്ങിനെ പറയാന്‍ ഷാജിക്ക് നാണമില്ലേയെന്നും ശൈലജ ചോദിച്ചു. ഒടുവില്‍ വിവാദമായതോടെ പെണ്ണെന്ന പരാമർശം ഷാജി പിൻവലിക്കുകയും ചെയ്തു.

അതേസമയം കെ.എം ഷാജിക്ക് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ കഴിയില്ലെന്ന മന്ത്രി എ.കെ.ബാലന്റെ ക്രമപ്രശ്നം സ്പീക്കർ തള്ളി. സഭയിലെ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ മാത്രമാണ് സുപ്രീം കോടതി ഷാജിയെ വിലക്കിയതെന്നും സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും സ്പീക്കർ റൂൾ ചെയ്ത കെ.എം ഷാജിക്ക് എസ്.ഡി.പി.ഐയുടെ ശബ്ദമാണെന്ന മന്ത്രി വി.എസ് സുനിൽകുമാറിന്റെ പ്രസ്താവന സഭയിൽ പ്രതിപക്ഷ ബഹളത്തിനിടയാക്കി.

തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി എതിരായ കെ.എം.ഷാജിക്ക് വോട്ടെടുപ്പ് ആവശ്യമുള്ള സഭാ നടപടികളിൽ പങ്കെടുക്കാൻ യോഗ്യത ഇല്ലെന്നായിരുന്നു എ.കെ.ബാലന്റെ വാദം. ഇതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നു. സഭാ നടപടികളിൽ പങ്കെടുക്കാൻ ഷാജിക്ക് അവകാശമുണ്ടെന്നും ഷാജിയെ ബാലൻ അവഹേളിക്കുകയാണെന്നും പ്രതിപക്ഷം. ഒടുവിൽ ബാലനെ തള്ളി സ്പീക്കറുടെ റൂളിംഗ്.