LiveTV

Live

Kerala

എന്‍.പി.ആര്‍ കേരളത്തില്‍ നടക്കില്ലെന്ന് പറയുന്നത് തള്ളെന്ന് കെ.എം ഷാജി; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തിരിച്ചടിച്ച് ഭരണപക്ഷം

കെ.എം ഷാജി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചു. പക്ഷേ പ്രസംഗത്തിന് അവസാനം കെ.എം ഷാജിക്ക് പിഴച്ചു.

എന്‍.പി.ആര്‍ കേരളത്തില്‍ നടക്കില്ലെന്ന് പറയുന്നത് തള്ളെന്ന് കെ.എം ഷാജി; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തിരിച്ചടിച്ച് ഭരണപക്ഷം

ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെ.എം ഷാജി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചു. പക്ഷേ പ്രസംഗത്തിന് അവസാനം കെ.എം ഷാജിക്ക് പിഴച്ചു. ബംഗാളില്‍ പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണിനേക്കാള്‍ ശൌര്യമുള്ള പെണ്ണെന്ന് മമത ബാനര്‍ജിയെ കുറിച്ച് കെ.എം ഷാജി പറഞ്ഞത് സ്ത്രീവിരുദ്ധതയാണെന്ന് ശൈലജ ടീച്ചറും സ്വരാജും പ്രതികരിച്ചു. പെണ്ണ് ഭരിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ശൈലജ ടീച്ചര്‍ തിരിച്ചടിച്ചു. പരാമര്‍ശം ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതോടെ ഷാജി പരാമര്‍ശം പിന്‍വലിച്ചു. ഇന്ന് സഭയില്‍ നടന്നതിങ്ങനെ..

സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ കേസിന്‍റെ പേര് പറഞ്ഞ് തടയാന്‍ ഭരണപക്ഷം ശ്രമിച്ചു. തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി എതിരായ കെ.എം ഷാജിക്ക് വോട്ടെടുപ്പ് ആവശ്യമുള്ള സഭാ നടപടികളിൽ പങ്കെടുക്കാൻ യോഗ്യത ഇല്ലെന്നായിരുന്നു എ.കെ ബാലന്റെ വാദം. സഭാ നടപടികളിൽ പങ്കെടുക്കാൻ ഷാജിക്ക് അവകാശമുണ്ടെന്നും ഷാജിയെ ബാലൻ അവഹേളിക്കുകയാണെന്നും പ്രതിപക്ഷം. ബാലന്‍റെ ക്രമപ്രശ്നം തള്ളിയ സ്പീക്കർ, സഭയിലെ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ മാത്രമാണ് സുപ്രീംകോടതി ഷാജിയെ വിലക്കിയതെന്നും സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും വ്യക്തമാക്കി.

അതോടെ കെ.എം ഷാജി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു. സെൻസസ് നടപടികൾക്ക് ഉദ്യോഗസ്ഥരെ നൽകുക എന്നത് മാത്രമാണ് സംസ്ഥാന സർക്കാരിൻറെ ചുമതല. കേന്ദ്ര സെന്‍സസ് കമ്മീഷനാണ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുക. സെൻസസ് നടന്നാൽ അത് എൻ.പി.ആർ തന്നെയായിരിക്കും. സെന്‍സസ് നടക്കും, അതില്‍ എന്‍.പി.ആര്‍ ഉണ്ടാവില്ലെന്ന് പറയുന്നത് ഭൂലോക തള്ളാണ്. സെന്‍സസിലും എന്‍.പി.ആറിലും ഒരേ ചോദ്യങ്ങളാണ് ചോദിക്കുക. അതോടെ എന്‍.പി.ആറിന് ആവശ്യമായ സകല രേഖകളും ലഭിക്കും. അമിത് ഷാ പറഞ്ഞത് മുസ്‍ലിംകള്‍ പേടിക്കേണ്ടതില്ല എന്നാണ്. അതേകാര്യമാണ് ഇവിടെ മുഖ്യമന്ത്രിയും പറയുന്നത്. നിങ്ങളങ്ങ് ഇല്ലാതായി പോയാല്‍ സമുദായം റോഡിന്മേലായിപ്പോകൂല്ലേ? ഇന്ത്യയുടെ തൊട്ടടുത്ത് ഇസ്‍ലാമിക് രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശുമുണ്ട്. അപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‍ലിംകള്‍ താമസിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ നാടിനെ സ്നേഹിക്കുന്നവരാണ് ഇവിടെയുള്ള മുസ്‍ലിംകള്‍. വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന് പറഞ്ഞാല്‍ നമ്മള്‍ എന്നാണ്. നമ്മളാണ് ഈ രാജ്യത്തെ ഉണ്ടാക്കിയെടുക്കേണ്ടത്. ഞങ്ങള്‍, നിങ്ങള്‍ എന്ന് പറഞ്ഞ് ആളുകളെ അകറ്റിനിര്‍ത്തരുത്. എന്‍.പി.ആറിന്‍റെ യോഗം കേന്ദ്രം വിളിച്ചപ്പോള്‍ ബംഗാളില്‍ നിന്ന് ആരും പോയില്ല. അവിടെ പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണിനേക്കാള്‍ ചൂരുള്ള പെണ്ണാണ് ഭരിക്കുന്നതെന്നും ഷാജി പറഞ്ഞു.

ഇതോടെ ഭരണപക്ഷം ബഹളം തുടങ്ങി. കേരളത്തിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാരെ താരതമ്യം ചെയ്തു കൊണ്ട് സ്ത്രീവിരുദ്ധ പരാമർശമാണ് കെ.എം ഷാജി നടത്തിയതെന്ന് സ്വരാജ് ആരോപിച്ചു. ആണത്വം, പെണ്ണ് എന്നിങ്ങനെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രയോഗങ്ങളാണ് നടത്തിയത്. ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ സാധിക്കാത്ത അപരിഷ്കൃത കാഴ്ചപ്പാടാണ് നടത്തിയത്. പരാമർശങ്ങൾ സഭാ രേഖകളിൽ ഉണ്ടാവുന്നത് സ്ത്രീത്വത്തോടുള്ള അവഹേളനമാണെന്നും നീക്കം ചെയ്യണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.

വിഷയം അവതരിപ്പിക്കുമ്പോൾ നിരവധി തവണ കെ.എം ഷാജി സഭയുടെ അന്തസിന് നിരക്കാത്ത പരാമർശങ്ങൾ നടത്തിയെന്ന് മന്ത്രി കെ.കെ ശൈലജ ആരോപിച്ചു. പെണ്ണ് സംസ്ഥാനം ഭരിച്ചാൽ എന്താണ് കുഴപ്പമെന്ന് മന്ത്രി ചോദിച്ചു. 'ആണിന്‍റെ അന്തസ് കാണിച്ചെന്ന' ഷാജിയുടെ പരാമർശം കേൾക്കാൻ ഷാനിമോൾ ഉസ്മാൻ എം.എൽ.എക്ക് ലജ്ജയില്ലേയെന്നും മന്ത്രി ശൈലജ ചോദിച്ചു.

'പെണ്ണ് ആണെങ്കിലും' എന്ന പ്രയോഗം ആധുനിക സമൂഹത്തിന് യോജിച്ചതല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പറഞ്ഞു. മന്ത്രിയുടെയും എം.എൽ.എയുടെയും ആരോപണം തള്ളിയ കെ.എം ഷാജി, 'പെണ്ണാണെങ്കില്‍ പോലും' എന്ന പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതിനാൽ പിൻവലിക്കുന്നതായി സഭയെ അറിയിച്ചു. 'ആണിനെക്കാൾ കരുത്തുള്ള പെണ്ണ്' എന്ന് പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കലല്ലെന്നും ഷാജി വിശദീകരിച്ചു. കെ.എം ഷാജിക്ക് എസ്.ഡി.പി.ഐയുടെ ശബ്ദമാണെന്ന മന്ത്രി വി.എസ് സുനിൽ കുമാറിന്റെ പ്രസ്താവനയും സഭയിൽ പ്രതിപക്ഷ ബഹളത്തിനിടയാക്കി.