LiveTV

Live

Kerala

അര്‍ബുദത്തെ മറികടക്കാന്‍ ചര്‍മ്മ ശസ്ത്രക്രിയ, തൊണ്ടയില്‍ മുടി വളര്‍ന്ന് ആഹാരം കഴിക്കാനാവാതെ സ്റ്റീഫന്‍  

മുടി സ്വന്തമായി വെട്ടാന്‍ കഴിയുന്നില്ലെങ്കില്‍ ബാര്‍ബറെ വിളിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഡോക്ടറുടെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് സ്റ്റീഫന്‍

അര്‍ബുദത്തെ മറികടക്കാന്‍ ചര്‍മ്മ ശസ്ത്രക്രിയ,  തൊണ്ടയില്‍ മുടി വളര്‍ന്ന് ആഹാരം  കഴിക്കാനാവാതെ സ്റ്റീഫന്‍  

വായില്‍ ഒരു തലമുടി നാര് കുടുങ്ങിയാല്‍ നാം അസ്വസ്ഥരാകും. അപ്പോള്‍ വാ നിറയെ രോമവുമായി കഴിയുന്ന സ്റ്റീഫന്‍റെ അവസ്ഥ ഊഹിക്കാവുന്നതിനുമപ്പുറമാണ്. വായിലെ അര്‍ബുദത്തെ തുടര്‍ന്ന് നീക്കം ചെയ്ത ചര്‍മത്തിന് പകരം താടിയില്‍ നിന്നെടുത്ത ചര്‍മം തുന്നിച്ചേര്‍ത്തതോടെ ദുരിത പര്‍വം താണ്ടുകയാണ് തിരുവനന്തപുരം സ്വദേശി സ്റ്റീഫന്‍.

പല്ലുവേദനയുമായി ഡോക്ടറെ സമീപിച്ച സ്റ്റീഫനോട് ദന്തഡോക്ടറാണ് ആര്‍.സി.സിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്. ആര്‍.സി.സിയില്‍ പരിശോധനകള്‍ക്ക് ശേഷം തൊണ്ടയിലെ മുഴ നീക്കണമെന്ന നിര്‍ദേശമെത്തി. തുടയില്‍ നിന്ന് ചര്‍മമെടുത്താകും ശസ്ത്രക്രിയയെന്നും സ്റ്റീഫനോട് ഡോക്ടര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം ആദ്യം മൂക്കിലൂടെ ട്യൂബിട്ടായിരുന്നു ആഹാരം നല്‍കിയിരുന്നത്. ട്യൂബ് മാറ്റിയപ്പോഴാണ് തന്‍റെ ദുരിതം സ്റ്റീഫന്‍ ആദ്യം അറിയുന്നത്. ശസ്ത്രക്രിയയുടെ നൂല് തടയുന്നുവെന്നായിരുന്നു ധാരണ. പിന്നീട് കണ്ണാടി നോക്കിയപ്പോഴാണ് മുടി വളരുന്നത് കണ്ടത്. ഇത് ഡോക്ടറെ അറിയിച്ചപ്പോള്‍ താടിയില്‍ നിന്നാണ് ചര്‍മമെടുത്തതെന്നും ചെറിയ രോമങ്ങള്‍ ഉണ്ടാകുമെന്നും മറുപടി ലഭിച്ചു.

രോമവളര്‍ച്ച കൂടിയതോടെ ഭക്ഷണമോ വെള്ളമോ കഴിക്കാനാകാത്ത അവസ്ഥയായി. എന്ത് കഴിക്കാനെടുത്താലും രോമത്തില്‍ തടയും. അതോടെ ഛര്‍ദി തുടങ്ങും. ഒപ്പം മൂക്കില്‍ നിന്നും ഭക്ഷണം പുറത്തേക്ക് വരുന്ന ഭീകരസ്ഥിതി. ഇടക്കിടെ മക്കള്‍ മുടി വെട്ടി നല്‍കും. ഇതും അപകടമാണെന്ന് സ്റ്റീഫനും മകനും പറയുന്നു. മുഴുവന്‍ മുടിയും നീക്കാനാകില്ലെന്നത് ഒരു പ്രശ്നം. മറ്റൊന്ന് ശസ്ത്രക്രിയ നടത്തിയ വായില്‍ ചെറിയ മുറിവ് പോലും ഉണ്ടാകുന്നത് നില കൂടുതല്‍ വഷളാക്കും. ഇത് സംബന്ധിച്ച് വീണ്ടും ഡോക്ടറോട് പരാതി നല്‍കിയപ്പോള്‍ കിട്ടിയ മറുപടി കുടുംബത്തെ ആകെ വേദനിപ്പിച്ചു. മുടി സ്വന്തമായി വെട്ടാന്‍ കഴിയുന്നില്ലെങ്കില്‍ ബാര്‍ബറെ വിളിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. പണി തീരാത്ത വീട്ടില്‍ ജപ്തിനോട്ടീസും പിടിച്ചിരിക്കുന്ന സ്റ്റീഫന് ഇനി രോമം കളയാന്‍ ചികിത്സ തേടുകയെന്നതും വലിയ വെല്ലുവിളിയാണ്. ഒരു തുള്ളി വെള്ളം കുടിക്കാനും ഒരു വറ്റ് കഴിക്കാനും എന്തെങ്കിലും സഹായം വേണമെന്ന അഭ്യര്‍ത്ഥനയാണ് സ്റ്റീഫനും കുടുംബത്തിനുമുള്ളത്. ഡോക്ടറുടെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് സ്റ്റീഫന്‍.