മതിയായ വേതനമില്ല; കോട്ടയത്ത് സൊമാറ്റോ ജീവനക്കാർ പണിമുടക്കിൽ
വേതനം കുറച്ചതിനെ തുടർന്നാണ് തൊഴിലാളികൾ ഡെലിവറി നിർത്തിവച്ചത്

കോട്ടയത്ത് ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളികൾ പണിമുടക്കിൽ. വേതനം കുറച്ചതിനെ തുടർന്നാണ് തൊഴിലാളികൾ ഡെലിവറി നിർത്തിവച്ചത്. അതേസമയം പണിമുടക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.
ഊബർ ഈറ്റ്സ് സൊമാറ്റോ ഏറ്റെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഒരു വിഭവം ഉപഭോക്താവിനെത്തിക്കുമ്പോൾ ഊബർ ഈറ്റ്സ് നാൽപ്പത് രൂപയാണ് വിതരണക്കാർക്ക് നൽകിയിരുന്നത്. ഇത് സൊമാറ്റോ നേർ പകുതിയായി കുറച്ചതാണ് പ്രതിഷേധത്തിന് കാരണം ഒരേ റൂട്ടിൽ ഒന്നിലധികം ഡെലിവറികൾ ലഭിച്ചാലും മുമ്പ് കിട്ടിയിരുന്ന വേതനം നിലവിൽ നൽകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നത്. ഇന്ധന ചെലവുകൾ കൂടി നോക്കുമ്പോൾ വിതരണത്തിനിറങ്ങുന്നത് ലാഭകരമല്ലെന്നാണ് പരാതി. വിതരണം നിർത്തി വച്ചാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്നും തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് കമ്പനി അധികൃതരുടെ ഭീഷണി.
ഊബർ ഈറ്റ്സ് കൂടി ഏറ്റെടുത്തതോടെ അറുന്നൂറ് തൊഴിലാളികളാണ് കോട്ടയത്ത് നിലവിൽ സൊമാറ്റേയ്ക്ക് കീഴിലേക്ക് മാറിയത്. പണിമുടക്ക് ആരംഭിച്ചതോടെ ഡെലിവറികൾ താറുമാറായിട്ടുണ്ട്. വേതനം വർധിപ്പിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.