LiveTV

Live

Kerala

റീബില്‍ഡ് കേരളക്കായി കഴിഞ്ഞ ബജറ്റില്‍ മാറ്റിവെച്ച 1000 കോടി രൂപയില്‍ ഒരു രൂപ പോലും ചെലവായില്ല

ബജറ്റില്‍ അനുവദിച്ച തുക പോലും ചെലവാക്കാത്തതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്

റീബില്‍ഡ് കേരളക്കായി കഴിഞ്ഞ ബജറ്റില്‍ മാറ്റിവെച്ച 1000 കോടി രൂപയില്‍ ഒരു രൂപ പോലും ചെലവായില്ല

റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിനായി കഴിഞ്ഞ ബജറ്റില്‍ മാറ്റിവെച്ച 1000 കോടി രൂപയില്‍ ഒരു രൂപ പോലും ചെലവായില്ല. പൊതുമരാമത്ത് റോഡുകള്‍, പാലങ്ങള്‍, പഞ്ചായത്ത് റോഡുകള്‍ എന്നിവക്കായി മാറ്റിവെച്ച തുകയാണ് ഇപ്പോഴും ചെലവാകാത്തത്. ബജറ്റില്‍ അനുവദിച്ച തുക പോലും ചെലവാക്കാത്തതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. 800 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയെന്ന് റീബില്‍ഡ് കേരള അധികൃതര്‍ പറയുന്നത്.

റീബില്‍ഡ് കേരളക്കായി ബജറ്റില‍് ഉള്‍പ്പെടുത്തിയ തുക ചെലവഴിച്ചത് സംബന്ധിച്ച പ്ലാനിങ് ബോര്‍ഡിന്‍റെ സ്റ്റേറ്റ്മെന്‍റാണിത്. നാല് വിഭാഗങ്ങളിലായി ആകെ വകയിരുത്തിയത് ആയിരം കോടി രൂപ. പഞ്ചായത്ത് റോഡുകള്‍ക്ക് 250 കോടി, പൊതുമരാമത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 250 കോടി, ഉപജീവന പദ്ധതികള്‍ക്കായി 250 കോടി, സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 250 എന്നിങ്ങനെയാണ് വിഭജനം. തിങ്കാളാഴ്ച വരെയുള്ള കണക്കെടുക്കുമ്പോള്‍ ഒരു പൈസ പോലും 1000 കോടിയില്‍ ചെലവായിട്ടില്ല. കാരണമന്വേഷിച്ച് റീബില്‍ഡ് കേരളയെ സമീപിച്ചു. 800 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായെന്നാണ് റീബില്‍ഡ് അധികൃതര്‍ പറയുന്നത്. പ്രവര്‍ത്തനം നടക്കുന്ന മുറക്ക് പണം ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഫണ്ട് ചെലവാക്കാന്‍ കഴിയാത്തതിലെ പ്രശ്നമെന്ന് വ്യക്തം. പ്രളയ പുനര്‍ നിര്‍മാണ പദ്ധതിക്കായി ലോക ബാങ്കില്‍ നിന്ന് ലഭിച്ച 1700 കോടി രൂപ വകമാറ്റി ചെലവഴിക്കേണ്ടി വന്നിരുന്നു. ഇത് തിരികെ ലഭിക്കുന്ന മുറക്ക് റീബില്‍ഡ് കേരളയുടെ പദ്ധതിക്കായി പണം നല്‍കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെ എത്രത്തോളം തുക ചെലവഴിക്കാനാകും എന്ന സംശയം മാത്രം ബാക്കി നില്‍ക്കുന്നു.