LiveTV

Live

Kerala

ലൗ ജിഹാദ് ആരോപണത്തിലുറച്ച് സിറോ മലബാർ സഭ

ലവ് ജിഹാദ് പരാതികളെ ഇസ്ലാം മതവുമായുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചിട്ടില്ലെന്നും സഭ നേതൃത്വം വിശദീകരിച്ചു

ലൗ ജിഹാദ് ആരോപണത്തിലുറച്ച് സിറോ മലബാർ സഭ

കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകാതെ സിറോ മലബാർ സഭ. ലവ് ജിഹാദ് പരാതികളെ ഇസ്ലാം മതവുമായുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചിട്ടില്ലെന്നും സഭ നേതൃത്വം വിശദീകരിച്ചു.

ലൗ ജിഹാദ് ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ മറുപടി സിറോ മലബാർ സഭ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് നൽകിയത്. പക്ഷേ ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകാൻ സഭ നേതൃത്വം തയാറായില്ല എന്നതാണ് ശ്രദ്ധേയം. സഭ നേതൃത്വം ലൗ ജിഹാദ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇതിനെതിരെ രംഗത്തെത്തിയ വിമത വിഭാഗം വൈദികർക്ക് സഭ വിശ്വാസികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ലൗ ജിഹാദ് സർക്കുലർ വായിക്കുന്നതിൽ നിന്ന് ഭൂരിഭാഗം പളളികൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണത്തിൽ നിന്ന് പൂർണമായി പിൻമാറിയാൽ അത് വിമത വിഭാഗം വൈദികർക്ക് കൂടുതൽ കരുത്ത് പകരുമെന്ന വിലയിരുത്തലാണ് സഭ നേതൃത്വത്തിനുള്ളത്.

അതേസമയം പൊതു സമൂഹത്തിൽ ഒറ്റപ്പെട്ട സഭ നേതൃത്വം മുഖം മിനുക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. അതുകൊണ്ടാണ് ആരോപണത്തിൽ ഉറച്ച് നിൽക്കുമ്പോഴും ഇസ്ലാം മതവുമായി നിലനിൽക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ വിലയിരുത്തിയിട്ടില്ലെന്ന് വിശദീകരിക്കേണ്ടി വന്നത്. അന്വേഷണം വേണമെന്ന സഭയുടെ ആവശ്യത്തെ തെറ്റിദ്ധാരണ ജനകമായ രീതിയിൽ പ്രചരിപ്പിച്ചുവെന്നും ഇത്തരം നീക്കത്തോട് സഭ വിയോജിക്കുന്നുവെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ട്. ഭൂമി കുംഭകോണത്തിലടക്കം പ്രതിയായ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ലൗ ജിഹാദ് ആരോപണമുന്നയിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയതെന്ന ആരോപണമാണ് മറു വിഭാഗം ഉയർത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂടി കൈവിട്ടതോടെ വരും ദിവസങ്ങിൽ ലൗ ജിഹാദ് ആരോപണത്തിൽ സഭ കൂടുതൽ പ്രതിരോധത്തിലായേക്കും.