LiveTV

Live

Kerala

ലവ്‌ ജിഹാദിലുറച്ച്‌ സിറോ മലബാര്‍ സഭ

സമൂഹത്തേയും കുടുംബത്തേയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നം എന്ന നിലക്കാണ്‌ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടതെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു

 ലവ്‌ ജിഹാദിലുറച്ച്‌ സിറോ മലബാര്‍ സഭ

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് രേഖാമൂലം വ്യക്തമാക്കിയതിന് പിന്നാലെയാണ് സഭയുടെ വിശദീകരണകുറിപ്പ് പുറത്തുവരുന്നത്.

കേരളത്തില്‍ ലവ്‌ ജിഹാദ്‌ നിലനില്‍ക്കുന്നുണ്ടെന്നും സമൂഹത്തേയും കുടുംബത്തേയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നം എന്ന നിലക്കാണ്‌ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടതെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സീറോ മലബാര്‍ സഭ പറയുന്നു.

ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലല്ല വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് നിലപാടെന്ന് സഭ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

'ലവ് ജിഹാദ് പരാതികളെ ഇസ്‍ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുത്. മത സൗഹാദര്‍ദ്ദത്തെ തകര്‍ക്കുന്ന പ്രശ്‌നമായി ലവ് ജിഹാദിനെ സഭ കാണുന്നില്ല. സമൂഹത്തെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്'. ഇക്കാര്യത്തില്‍ കാര്യക്ഷമമായ പൊലീസ് അന്വേഷണം വേണമെന്നും സിറോ മലബാര്‍ സഭ പറയുന്നു.

കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ലവ് ജിഹാദ് കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും നിത്യാനന്ദ റായി അറിയിച്ചു. ബെന്നി ബെഹനാന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്രത്തിന്റെ വിശദീകരണം.

കേരളത്തിൽ ലവ് ജിഹാദ് കേസില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് അറിയാമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ രേഖാമൂലം മറുപടി നൽകിയത്