LiveTV

Live

Kerala

ടി.പി സെന്‍കുമാറിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പൊലീസ് അവസാനിപ്പിച്ചു

സംഭവസ്ഥലത്തുണ്ടായിരുന്ന 11 പേരുടെ മൊഴിയും റിപ്പോർട്ടിൽ പൊലീസ് ഉൾപ്പെടുത്തി

ടി.പി സെന്‍കുമാറിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പൊലീസ് അവസാനിപ്പിച്ചു

ടി.പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പൊലീസ് അവസാനിപ്പിച്ചു. മുന്‍ ഡി.ജി.പി നല്‍കിയ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. കേസവസാനിപ്പിക്കുന്നതായി കാണിച്ച് പൊലീസ് വഞ്ചിയൂര്‍ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡി.ജി.പി ടി.പി സെൻകുമാർ നൽകിയ പരാതി വ്യാജമാണെന്ന് വിപുലമായ അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്ന് കാണിച്ചാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കപ്പെട്ടെന്നും ടി.പി സെൻകുമാറാണ് മാധ്യമ പ്രവർത്തകനായ കടവിൽ റഷീദിനെ തനിക്ക് അരികിലേക്ക് വിളിച്ച് വരുത്തി ക്ഷുഭിതനായതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന 11 പേരുടെ മൊഴിയും റിപ്പോർട്ടിൽ പൊലീസ് ഉൾപ്പെടുത്തി. ഇത് കൂടാതെ സംഭവത്തിന് മുമ്പ് കടവിൽ റഷീദ് കേസിലെ മറ്റൊരു പ്രതിയായ മാധ്യമ പ്രവർത്തകൻ പി.ജി സുരേഷ് കുമാറുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഗൂഡാലോചന നിലനിൽക്കില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം വഞ്ചിയൂർ ജുഡീഷ്യൽ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. നേരത്തെ ഇതേ കോടതിയിൽ നിന്നാണ് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ പൊലീസ് അനുമതി നേടിയത്. സംഭവം വിവാദമായതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഇതോടെയാണ് പൊലീസ് നിലപാട് മാറ്റിയത്. മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ടി.പി സെൻകുമാർ അടക്കം 10 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സെൻകുമാർ വ്യാജ പരാതി നൽകുകയും പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തത്