LiveTV

Live

Kerala

മത വിദ്വേഷ പ്രസംഗം: ഫാ. ജോസഫ് പുത്തന്‍പുരക്കലിനെതിരെ പരാതി  

പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദാണ് പരാതി നല്‍കിയിരിക്കുന്നത്. മതസ്പര്‍ദ്ദയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് തന്‍വീറിന്റെ പരാതി.

മത വിദ്വേഷ പ്രസംഗം: ഫാ. ജോസഫ് പുത്തന്‍പുരക്കലിനെതിരെ  പരാതി  

പ്രസംഗത്തിനിടയില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഫാ. ജോസഫ് പുത്തന്‍പുരക്കലിനെതിരെ കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി. പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദാണ് പരാതി നല്‍കിയിരിക്കുന്നത്. മതസ്പര്‍ദ്ദയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് തന്‍വീറിന്റെ പരാതി.

ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്‌ലിംകളോട്‌ വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസ്തുത പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് മുസ്‌ലിം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ലോകത്താകെ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്‌ലിംകളാണെന്നുള്ള പ്രസംഗം തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളില്‍ മുസ്‌ലിം വിരോധം ഉണ്ടാക്കാനും മുസ്‌ലിംകളെ വെറുക്കാന്‍ ആഹ്വാനം ചെയ്യുന്നതുമാണ്. നാടിന്റെ ഐക്യം തകര്‍ക്കാന്‍ നോക്കിയ ഫാ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തന്‍വീര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം കോട്ടയം ജില്ലയിലെ ഒരു ദേവാലയത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഫാദർ ജോസഫ് പുത്തൻപുരക്കൽ വിവാദപരമായ പരാമർശം നടത്തിയത്. പ്രസംഗം വിവാദമായതോടെ വൈദികൻ പരസ്യമായി മാപ്പപേക്ഷ നടത്തിയിരുന്നു.