LiveTV

Live

Kerala

യു.പിയിൽ നടക്കുന്നത് ഭീകരമായ ഭരണകൂടവേട്ട- ഷർജീൽ ഉസ്മാനി

സമരങ്ങൾക്ക് നേതൃത്വം നൽകി വരുന്ന വിദ്യാർത്ഥികൾക്കു മേല്‍ യു.എ.പി.എയും രാജ്യദ്രോഹവുമുൾപ്പെടെയുള്ള കേസുകൾ ചുമത്തിക്കൊണ്ട് രാജ്യത്തെ ഭരണകൂടം പ്രക്ഷോഭങ്ങളെയും പ്രക്ഷോഭകരെയും അടിച്ചമർത്താൻ ശ്രമിക്കുകയാണ്

യു.പിയിൽ നടക്കുന്നത് ഭീകരമായ ഭരണകൂടവേട്ട- ഷർജീൽ ഉസ്മാനി

ഉത്തര്‍ പ്രദേശിൽ നടക്കുന്നത് ഭീകരമായ ഭരണകൂടവേട്ടയാണെന്ന് ഇന്ത്യയിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടക്കക്കാരിൽ ഒരാളും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയുമായ ഷർജീൽ ഉസ്മാനി. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ ഞങ്ങൾ വിദ്യാർത്ഥികൾ തുടക്കമിടുന്നത് കേവലം ഒരു നിയമത്തിനെതിരായ പോരാട്ടം മാത്രമായല്ല, മറിച്ച് നിലനിൽപിന്റെയും ആത്മാഭിമാനത്തിന്റെയും പോരാട്ടമായിട്ടു കൂടിയാണ്.

എന്നാൽ, ഈ സമരങ്ങളെ യു.പി ഭരണകൂടം തുടക്കം മുതലേ വളരെ ശത്രുതാപരമായാണ് നേരിട്ടു വരുന്നത്. അദ്ദേഹം മോഡിയുടെയും അമിത് ഷായുടെയും യു.പി പകർപ്പായാണ് പ്രവർത്തിക്കുന്നത്. മുസ്‌ലിംകളോട് പകയോടെയാണ് യോഗി ആദിത്യനാഥ് പെരുമാറുന്നത്. സി.എ.എയിലൂടെ നിയമ വിധേയമായ വംശീയ ഉൻമൂലനമാണ് അദ്ദേഹത്തിന്റെ ഭരണ കൂടം ലക്ഷ്യം വച്ചിരിക്കുന്നത്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെ വളരെ ക്രൂരമായാണ് ഉത്തർപ്രദേശ് പോലീസ് നേരിട്ടു കൊണ്ടിരിക്കുന്നത്. മുപ്പതിലധികം പേർ പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു. ഏഴായിരത്തിലധികം പേർ സംസ്ഥാനത്തുടനീളം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലധികം സമര പ്രവർത്തകരുടെ പേരിൽ ഗൗരവതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

സമരങ്ങൾക്ക് നേതൃത്വം നൽകി വരുന്ന വിദ്യാർത്ഥികൾക്കു മേലുൾപ്പെടെ യു.എ.പി.എയും രാജ്യദ്രോഹവുമുൾപ്പെടെയുള്ള കേസുകൾ ചുമത്തിക്കൊണ്ട് രാജ്യത്തെ ഭരണകൂടം പ്രക്ഷോഭങ്ങളെയും പ്രക്ഷോഭകരെയും അടിച്ചമർത്താൻ ശ്രമിക്കുകയാണ്. യാതൊരു പ്രകോപനവുമുണ്ടാക്കാത്ത ഒരു പ്രസംഗത്തിന്റെ പേരിൽ ജെ എൻ യു ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാമിന്റെ അറസ്റ്റ് ഇതിനുദാഹരണമാണ്. ഈ സമരങ്ങളോട് ഐക്യപ്പെടുന്നവർ തീർച്ചയായും ഷർ ജീൽ ഇമാമിനോടും നിരുപാധികം ഐക്യപ്പെടേണ്ടതുണ്ട്.

സി.എ.എ - എന്‍.ആര്‍.സി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി നാല് ദിവസത്തെ പരിപാടികൾക്കായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നു. ഫ്രറ്റേണിറ്റി കാമ്പസുകളിൽ ആരംഭിക്കുന്ന ഷാഹീൻ ബാഗ് സ്ക്വയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫറോഖ് കോളേജിൽ നിർവഹിച്ചു. ഫ്രറ്റേണിറ്റി കേരള സംസ്ഥാന പ്രസിഡൻ്റ് ഷംസീർ ഇബ്രാഹീം, ഫ്രറ്റേണിറ്റി കേരള സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫസ്ന മിയാൻ എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.