എം.ജി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ എ.ബി.വി.പി പ്രവർത്തകര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
നിലത്ത് വീണ കൗശിക്കിനെ അക്രമികൾ ക്രൂരമായി ചവിട്ടി. അതിനുശേഷം വടി കൊണ്ടും മർദിച്ചു.
തിരുവനന്തപുരം എം.ജി കോളജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് എ.ബി.വി.പി പ്രവർത്തകരുടെ ക്രൂര മർദനം. കൗശിക്കിനാണ് മർദനമേറ്റത്. കോളജിൽ എസ്.എഫ്.ഐയുടെ കൊടി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂര മർദനത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. എം.ജി കോളജ് പരിസരത്ത് നിൽക്കുകയായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ കൗശിക്കിനാണ് എ.ബി.വി.പി പ്രവർത്തകരുടെ ക്രൂര മർദനമേറ്റത്. ആദ്യം വിരട്ടി ഓടിച്ച ശേഷം നിലത്ത് വീണ കൗശിക്കിനെ അക്രമികൾ ക്രൂരമായി ചവിട്ടി. അതിനുശേഷം വടി കൊണ്ടും മർദിച്ചു. ആറ് പേരടങ്ങുന്ന സംഘമാണ് കൗശിക്കിനെ മർദിച്ചത്. മർദനത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ കൊടി കോളജിൽ സ്ഥാപിച്ചിരുന്നു. ഇത് എസ്.എഫ്.ഐ, എ.ബി.വി.പി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിനും കാരണമായിരുന്നു. ഈ തർക്കമാണ് ക്രൂര മർദനത്തിൽ കലാശിച്ചത്. എസ്.എഫ്.ഐയുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.