LiveTV

Live

Kerala

മുഖ്യമന്ത്രിക്ക് ആര്‍.എസ്.എസിന്‍റെ സ്വരം: എസ്.ഡി.പി.ഐ

പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ സംസ്ഥാനത്ത് എന്ത് അക്രമമാണ് നടന്നതെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് അബ്ദുല്‍ ഹമീദ്

മുഖ്യമന്ത്രിക്ക് ആര്‍.എസ്.എസിന്‍റെ സ്വരം: എസ്.ഡി.പി.ഐ

മുഖ്യമന്ത്രി പിണറായി വിജയന് ആര്‍.എസ്.എസിന്‍റെ സ്വരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ സംസ്ഥാനത്ത് എന്ത് അക്രമമാണ് നടന്നതെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.

പ്രക്ഷോഭങ്ങളുടെ മറവില്‍ സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നത് എസ്.ഡി.പി.ഐ ആണെന്ന് നുണ പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മഹല്ല് കമ്മിറ്റി നടത്തിയ പരിപാടികളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് പറയുന്നത്, എസ്.ഡി.പി.ഐക്ക് ജനങ്ങളില്‍ നിന്നു കിട്ടുന്ന അകമഴിഞ്ഞ പിന്തുണയില്‍ വിറളിപൂണ്ട് നടത്തുന്ന നിലവിളിയാണെന്നും അബ്ദുല്‍ ഹമീദ് കുറ്റപ്പെടുത്തി.

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ വിമർശിച്ചു. അങ്കമാലി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സമാധാനപരമായ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കള്ളക്കേസെടുത്തെന്ന് റോജി എം ജോൺ എം.എൽ.എയുടെ വിമർശനത്തിന് മറുപടി പറഞ്ഞപ്പോഴാണ് എസ്.ഡി.പി.ഐയെ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.

പല സ്ഥലങ്ങളിലും എസ്.ഡി.പി.ഐക്കാർ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും പ്രശ്നമുണ്ടാകുമ്പോൾ കേസെടുക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. ഈ സമയത്ത് എസ്.ഡി.പി.ഐയെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾക്ക് പൊള്ളുന്നതെന്തിനെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.

എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങേണ്ട ഗതികേട് പ്രതിപക്ഷത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. യു.പിയിലെ നടപടി കേരളത്തില്‍ ആവര്‍ത്തിക്കരുത്. അമിത് ഷായുടെ നിലപാടല്ല കേരളത്തില്‍ വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.