LiveTV

Live

Kerala

ഗവർണർ കേന്ദ്രത്തിന്റെ വക്താവായാണ് സി.എ.എയെ അനുകൂലിച്ചത്: മുഖ്യമന്ത്രി

ഗവർണർ പദവി ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിച്ച പ്രതിപക്ഷ നേതാവാണ് ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി

ഗവർണർ  കേന്ദ്രത്തിന്റെ വക്താവായാണ് സി.എ.എയെ അനുകൂലിച്ചത്: മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രത്തിന്റെ വക്താവായാണ് സി.എ.എയെ അനുകൂലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരിൽ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെടണോ എന്നതാണ് പ്രശ്നം. ഗവർണർ പദവി ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിച്ച പ്രതിപക്ഷ നേതാവാണ് ഇവിടെയുള്ളത്. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ചു.

ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയത്തിന് അനുമതി നൽകുന്ന കാര്യം കാര്യോപദേശക സമിതി വീണ്ടും പരിഗണിക്കില്ല. പ്രമേയം കാര്യോപദേശക സമിതി വീണ്ടും പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിയമസഭ വോട്ടിനിട്ട് തള്ളി. ഗവർണറോടുള്ള നിലപാടിൽ സർക്കാരിന് ഇരട്ടമുഖമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പ്രമേയത്തിന് അനുമതി നൽകുന്ന വിഷയം കാര്യോപദേശക സമിതി വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചട്ടം 215 പ്രകാരം പ്രതിപക്ഷ നേതാവ് സബ്മിഷൻ അവതരിപ്പിച്ചു. തുടർന്ന് അരമണിക്കൂർ ചർച്ചയ്ക്ക് സ്പീക്കർ അവസരം നൽകി. ഗവർണർക്കെതിരെ പ്രതിപക്ഷവും സർക്കാരും ഒരുമിച്ചാണ് പ്രതികരിച്ചതെന്നും എന്നാൽ ഗവർണറെ തിരിച്ചു വിളിക്കണം എന്ന് വന്നപ്പോൾ സർക്കാർ നിലപാടുമാറ്റിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

എം.കെ മുനീർ, പി.ടി തോമസ് തുടങ്ങിയവരും ഗവർണറോടുള്ള സർക്കാരിൻറെ മൃദു സമീപനത്തെ കുറ്റപ്പെടുത്തി. ഗവർണറുടെ നിലപാടിനെതിരെ സർക്കാരിന് എതിരഭിപ്രായം ഉണ്ടെന്നും അത് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഭിപ്രായത്തിന്റെ പേരിൽ മാത്രം തിരിച്ചു വിളിക്കണമോ എന്നതാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തിന് മാത്രം അവസരം നൽകിയതിനെ മന്ത്രി എ.കെ ബാലൻ ചോദ്യം ചെയ്തെങ്കിലും നോട്ടീസ് നൽകിയവർക്കാണ് അവസരം നൽകിയത് എന്ന് പറഞ്ഞ് സ്പീക്കർ എതിർപ്പ് തള്ളി.