LiveTV

Live

Kerala

സെൻകുമാറിന്‍റെ പരാതിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കും: മുഖ്യമന്ത്രി 

സംഭവത്തില്‍ ഡി.ജി.പിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും പിണറായി വിജയൻ

സെൻകുമാറിന്‍റെ പരാതിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കും: മുഖ്യമന്ത്രി 

ടി.പി സെൻകുമാറിന്‍റെ പരാതിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യം ചോദിച്ചതിന് കേസെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ഡി.ജി.പിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

അടിയന്തര പ്രമേയ നോട്ടീസിനിടെ എം. വിൻസെന്റാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് നിയമസഭയിൽ ഉന്നയിച്ചത്. ചോദ്യം ചോദിച്ചതിന്റെ പേരിൽ കേസെടുക്കുന്ന നാടായി നമ്മുടെ നാട് മാറാൻ പാടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുൻ ഡി.ജി.പി എന്ന ടി.പി സെൻകുമാറിന്റെ സ്വാധീനമാകാം കേസ്‌ എടുക്കാൻ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസാധാരണമായ രീതിയിലാണ് മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സെൻകുമാർ നൽകിയ പരാതിയിൽ മാധ്യമ പ്രവർത്തകരായ കടവിൽ റഷീദ്, പി.ജി സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.