LiveTV

Live

Kerala

ജാതി അധിക്ഷേപത്തില്‍ നടപടിയില്ല: സി.പി.എം പഞ്ചായത്ത് അംഗം രാജിവെച്ചു

കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം അംഗവുമായ അരുണ്‍ ആണ് രാജിവെച്ചത്.

ജാതി അധിക്ഷേപത്തില്‍ നടപടിയില്ല: സി.പി.എം പഞ്ചായത്ത് അംഗം രാജിവെച്ചു

ജാതി അധിക്ഷേപത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗം രാജിവെച്ചു. കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം അംഗവുമായ അരുണ്‍ ആണ് രാജിവെച്ചത്. കഴിഞ്ഞ കൌണ്‍സില്‍ യോഗത്തില്‍ ഒരു അംഗം അരുണിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്കും സി.പി.എമ്മിനും പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അരുണ്‍ പറഞ്ഞു.

ഇന്ന് വായ മൂടിക്കെട്ടിയാണ് അരുണ്‍ യോഗത്തിനെത്തിയത്. ആരും തനിക്കൊപ്പം നിന്നില്ലെന്ന് അരുണ്‍ പറയുന്നു. എന്നാല്‍ അരുണിനെയും അരുണിനെ അധിക്ഷേപിച്ചയാളെയും ഒരുമിച്ചിരുത്തി പ്രശ്നം പരിഹരിച്ചതാണെന്നും ഇപ്പോഴത്തെ പ്രതിഷേധം എന്തിനാണെന്ന് അറിയില്ലെന്നുമാണ് സി.പി.എം നേതാക്കളുടെ പ്രതികരണം.

കൂടരഞ്ഞി പഞ്ചായത്ത് ഭരണം കഴിഞ്ഞ മാസമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. 7 എല്‍.ഡി.എഫ് അംഗങ്ങളും 6 യു.ഡി.എഫ് അംഗങ്ങളുമാണ് നിലവിലുള്ളത്. അരുണ്‍ രാജിവെച്ചതോടെ വീണ്ടും പഞ്ചായത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകും.