LiveTV

Live

Kerala

എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണം: രാജു നാരായണ സ്വാമിയോട് സര്‍ക്കാര്‍

ദീര്‍ഘനാള്‍ സര്‍വീസില്‍ നിന്ന് വിട്ടുനിന്നതിന്‍റെ കാരണം വിശദീകരിക്കണം.

എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണം: രാജു നാരായണ സ്വാമിയോട് സര്‍ക്കാര്‍

അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് രാജു നാരായണ സ്വാമി ഐ.എ.എസിന് വീണ്ടും സർക്കാരിന്റെ കത്ത്. ചട്ടങ്ങൾ പാലിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും കത്തിൽ പറയുന്നു. മറുപടി ലഭിച്ചില്ലെങ്കിൽ അച്ചടക്ക നടപടികളിലേക്ക് സർക്കാർ പോകുമെന്നാണ് സൂചന.

കഴിഞ്ഞ മാസം 24നാണ് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് കാണിച്ച് രാജു നാരായണ സ്വാമിക്ക് പൊതുഭരണ വകുപ്പ് രണ്ടാമതും കത്തയച്ചത്. എത്രയും വേഗം ജോലിക്ക് ഹാജരാകണമെന്നും ചട്ടങ്ങൾ പാലിക്കാതെ സർവീസിൽ നിന്ന് വിട്ടുനിന്നതിൻറെ കാരണം ബോധിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 15 ദിവസമാണ് മറുപടി നൽകാൻ രാജുനാരായണ സ്വാമിക്ക് സർക്കാർ നൽകിയ സമയം. ഇതിനുളളിൽ കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്‍റെ ആലോചന.

നാളികേര ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞ വർഷം മാർച്ചിൽ രാജു നാരായണ സ്വാമിയെ കേന്ദ്ര സർക്കാർ നീക്കിയിരുന്നു. അദേഹത്തിൻറ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചതായും കേന്ദ്രം സംസ്ഥാന സർക്കാറിനെ അറിയിച്ചു. എന്നാൽ അതിന് ശേഷം ഇതുവരെയായി സംസ്ഥാന സർവീസിൽ ജോലിയിൽ പ്രവേശിക്കാൻ രാജു നാരായണ സ്വാമി തയ്യാറായിട്ടില്ല. ജോലിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുൻപ് പൊതുഭരണ വകുപ്പ് കത്തയച്ചിരുന്നു. ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെയുളള കേസ് കോടതിയിലുളള പശ്ചാത്തലത്തിലാണ് സർവീസിൽ തിരികെ പ്രവേശിക്കാത്തതെന്നാണ് ഇതിന് രാജു നാരായണ സ്വാമി നൽകിയ മറുപടി.