LiveTV

Live

Kerala

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കണ്ണൂരിന്റെ മലയോരത്ത് കൂട്ട കുടിയൊഴിയല്‍; കുടിയിറങ്ങിയത് നൂറിലധികം കുടുംബങ്ങള്‍

ചന്ദനക്കാംപാറ,ആലക്കോട്,കാഞ്ഞിരക്കൊല്ലി മേഖലകളില്‍ നിന്ന് രണ്ട് വര്‍ഷത്തിനിടെ കുടിയൊഴിഞ്ഞ് പോയത് നൂറിലധികം കുടുംബങ്ങള്‍

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കണ്ണൂരിന്റെ മലയോരത്ത് കൂട്ട കുടിയൊഴിയല്‍; കുടിയിറങ്ങിയത് നൂറിലധികം കുടുംബങ്ങള്‍

വന്യമൃഗ ശല്യം രൂക്ഷമായതോടെ കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ കുടിയിറങ്ങുന്നു. ചന്ദനക്കാംപാറ,ആലക്കോട്,കാഞ്ഞിരക്കൊല്ലി മേഖലകളില്‍ നിന്ന് രണ്ട് വര്‍ഷത്തിനിടെ കുടിയൊഴിഞ്ഞ് പോയത് നൂറിലധികം കുടുംബങ്ങള്‍. വന്യമൃഗ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പാഴ് വാക്കാവുന്നു.

ഇത് ഒരാളുടെ മാത്രം കഥയല്ല,മണ്ണിനോടും മാരക രോഗങ്ങളോ ടും മല്ലടിച്ച് മണ്ണില്‍ പൊന്നു വിളയിച്ച കുടിയേറ്റ ജനത എല്ലാം നഷ്ടപ്പെട്ട് മലയോരത്ത് നിന്നും കുടിയിറങ്ങുകയാണ്. കാട്ടാനയും കാട്ട് പന്നിയും കുരങ്ങും മുളളന്‍ പന്നിയുമടക്കമുളളവ കൂട്ടത്തോടെ കാടിറങ്ങിയപ്പോള്‍ തകര്‍ത്ത് കളഞ്ഞത് അവരുടെ കൃഷിയിടം മാത്രമല്ല,സ്വപ്നങ്ങള്‍ കൂടിയാണ്. ചന്ദനക്കാംപാറക്കടുത്ത് ഷിമോഗ കോളനിയില്‍ അഞ്ച് വര്‍ഷം മുന്‍പ് വരെ ഏതാണ്ട് നൂറ്റി അന്‍പതോളം കുടുംബങ്ങളുണ്ടായിരുന്നു. കൃഷിയിടത്തില്‍ നിന്നും കാട്ടാനക്കൂട്ടം വീട്ടുമുറ്റത്തേക്ക് എത്തിയപ്പോള്‍ ഭൂരിഭാഗം പേരും പ്രാണന്‍ മാത്രം വാരിയെടുത്ത് ഇവിടെ നിന്നും പാലായനം ചെയ്തു. ഇനി ഇവിടെ ബാക്കിയുളളത് മുപ്പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ്.

ഭൂമിയും വീടും ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് ചേക്കേറിയവരാണ് ഭൂരിഭാഗവും. മറ്റ് ചിലര്‍ കിട്ടിയ വിലക്ക് എല്ലാം വിറ്റൊഴിഞ്ഞു.ഇരിട്ടി പേരട്ട,പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലി,ആലക്കോട് തുടങ്ങി വനാതിര്‍ത്തി പങ്കിടുന്ന പല ഗ്രാമങ്ങളിലും സമാനമാണ് സ്ഥിതി.