LiveTV

Live

Kerala

തെളിവില്ല; സഭക്കെതിരെയുള്ള സിസ്റ്റര്‍ ലൂസിയുടെ പരാതികളില്‍ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് പൊലീസ്

പരാതികളില്‍ വാസ്തവ വിരുദ്ധമാണെന്നും പ്രതികൾക്കെതിരെ തെളിവില്ലെന്നും പൊലീസ് അറിയിച്ചു

തെളിവില്ല; സഭക്കെതിരെയുള്ള സിസ്റ്റര്‍ ലൂസിയുടെ പരാതികളില്‍ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് പൊലീസ്

സഭക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതികളില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ്. പരാതികൾ അവാസ്തവവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് വെളളമുണ്ട പൊലീസ് സിസ്റ്റര്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. നിയമപരമായി മുന്നോട്ട് പോകുമെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറയ്ക്കൽ സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായി ഈ വീഡിയോ സഹിതം സിസ്റ്റർ ലൂസി പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവ് ലഭിച്ചിട്ടില്ല എന്നാണ് വെള്ളമുണ്ട പൊലീസ് പറയുന്നത്.

സിസ്റ്റർ താമസിക്കുന്ന കാരയ്ക്കാമല മഠത്തിൽ ചിലര്‍ പ്രകടനവുമായെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും തെളിവില്ലെന്നു പറഞ്ഞ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. നേരത്തെ തന്നെ മഠത്തിൽ പൂട്ടിയിട്ടു എന്ന പരാതി നൽകിയിരുന്നെങ്കിലും പൊലീസ് അന്വേഷണം നടത്തിയില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു. സിസ്റ്റർ നൽകിയ പരാതികൾ അവാസ്തവവും നിയമത്തെ തെറ്റിധരിപ്പിക്കുന്നതും ആണെന്നാണ് വെളളമുണ്ട പൊലീസ് സിസ്റ്ററെ രേഖാമൂലം അറിയിച്ചത്.എന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സിസ്റ്റര്‍ ലൂസിക്ക് വേണമെങ്കില്‍ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നും പൊലീസ് പറഞ്ഞു. പൊലീസും മഠം അധികൃതരും ഒത്തു കളിക്കുന്നതായി സംശയമുണ്ടെന്ന് സിസ്റ്റര്‍ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു.