LiveTV

Live

Kerala

സംസ്ഥാന വിഹിതം കുറച്ച് കേന്ദ്രം; പ്രതീക്ഷിച്ചതിലും 5000 കോടി കുറവ്

സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതികള്‍ക്ക് ബജറ്റില്‍ പണം നീക്കിവെക്കാന്‍ പ്രയാസപ്പെടുന്ന ധനവകുപ്പിന് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടി

സംസ്ഥാന വിഹിതം കുറച്ച് കേന്ദ്രം; പ്രതീക്ഷിച്ചതിലും 5000 കോടി കുറവ്

കേന്ദ്ര ബജറ്റില്‍ സംസ്ഥാന വിഹിതം വെട്ടിക്കുറച്ചത് കേരളത്തിന് തിരിച്ചടിയാവും. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതികള്‍ക്ക് ബജറ്റില്‍ പണം നീക്കിവെക്കാന്‍ പ്രയാസപ്പെടുന്ന ധനവകുപ്പിന് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടി. വരുമാനമുയര്‍ത്താന്‍ സംസ്ഥാന ബജറ്റില്‍ കര്‍ശന നിര്‍ദേശങ്ങളുണ്ടായേക്കും.

17872 കോടി രൂപയാണ് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേരളത്തിനുള്ള വിഹിതം. ഇത്തവണ അത് 20000 ആകുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. എന്നാല്‍ കിട്ടിയത് 15236 കോടി. ഫലത്തില്‍ 5000 കോടിയുടെ കുറവ്. കേന്ദ്രവിഹിതം കൂടി മുന്നില്‍ കണ്ട് തയ്യാറാക്കിയ സംസ്ഥാന ബജറ്റ് അഴിച്ചുപണിയേണ്ട നിലയിലാണ് ധനമന്ത്രി.

സാമ്പത്തിക പ്രതിസന്ധി മൂലം ബജറ്റില്‍ വലിയ പദ്ധതികളുണ്ടാവില്ലെന്ന് ഇതിനകം തന്നെ ധനമന്ത്രി വ്യക്തമാക്കിയതാണ്. കേന്ദ്ര ബജറ്റ് കൂടി വന്നതോടെ വരുമാനത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ട നിലയായി. രജിസ്ട്രേഷന്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഫീസുകള്‍ വര്‍ധിക്കുമെന്നുറപ്പായി. ഭൂമിയുടെ ന്യായവില നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും മാറും. ക്ഷേമപെന്‍ഷനുകളിലെ വര്‍ധന നാമമാത്രമാകും. ധനകാര്യ കമ്മിഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചതാണ് കേരളവിഹിതം കുറയാന്‍ ഇടയാക്കിയത്. വായ്പാ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോടും കേന്ദ്രം മുഖം തിരിച്ചു. കേന്ദ്രധനക്കമ്മി 3.5 ശതമാനമാക്കിയ കേന്ദ്രം സംസ്ഥാനങ്ങളുടേത് 3 ശതമാനത്തില്‍ കൂടരുതെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു.