LiveTV

Live

Kerala

ഇ.അഹമ്മദ് വിടവാങ്ങിയിട്ട് മൂന്നാണ്ട്; കണ്ണീരില്‍‌ കുതിര്‍ന്ന ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് നേതാക്കള്‍

പോരാട്ട വീര്യത്തിന്‍റെ മുഖമായിരുന്നുവെന്ന് നേതാക്കള്‍; അനുസ്മരണ പരിപാടിയില്ലാത്തതിനെ വിമര്‍ശിച്ച് ബഷീറലി തങ്ങള്‍.

ഇ.അഹമ്മദ് വിടവാങ്ങിയിട്ട് മൂന്നാണ്ട്; കണ്ണീരില്‍‌ കുതിര്‍ന്ന ഓര്‍മകള്‍  സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് നേതാക്കള്‍

മുസ്‍ലീം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദ് അന്തരിച്ചിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴാണ് തങ്ങളുടെ നേതാവിനെ കണ്ണീരിന്‍റെ നനവുള്ള വാക്കുകളിലൂടെ ലീഗ് നേതാക്കള്‍ ഓര്‍ത്തത്. ഇ.അഹമ്മദ് എന്ന നേതാവിന്‍റെ പോരാട്ട വീര്യവും നേതൃശേഷിയുമൊക്കെ മുതിര്‍ന്ന നേതാക്കള്‍‌ സോഷ്യല്‍ മീഡിയയിലാണ് പങ്ക് വെച്ചത്. ഒപ്പം വര്‍ത്തമാന കാല ഇന്ത്യയില്‍ ഇ.അഹമ്മദ് എന്ന നേതാവിന്റെ അസാന്നിധ്യം തീര്‍ക്കുന്ന വിടവും നേതാക്കളില്‍ പലരും എടുത്തു പറയുന്നു.

പോരാട്ട വീര്യത്തിന്‍റെ മുഖമായിരുന്നു ഇ.അഹമ്മദ് സാഹിബ് എന്നായിരുന്നു ഫേസ് ബുക്കില്‍ പി.കെ കുഞ്ഞാലികുട്ടി എം.പി കുറിച്ചത്. ഫാസിസത്തോട് നിരന്തരമായി കലഹിച്ച അദ്ദേഹത്തിന്‍റെ അസാന്നിധ്യം അനുഭവപ്പെടുന്നതായും കുഞ്ഞാലികുട്ടി കൂട്ടിചേര്‍ക്കുന്നു. ഒരു പോരാളിയുടെ വീറോടെ പാര്‍ലമെന്‍റിനകത്തും, പുറത്തും ഗര്‍ജ്ജിച്ച ഇ.അഹമ്മദ് സാഹിബ് എന്ന നേതാവുണ്ടായിരുന്നുവെങ്കില്‍ എന്ന് പലതവണ ഞാന്‍ കൊതിച്ച് പോയിട്ടുണ്ടെന്നായിരുന്നു എം.കെ മുനീര്‍ എം.എല്‍.എയുടെ കുറിപ്പ്.

എന്നാല്‍ അനുസ്മരണ പരിപാടി പോലും നടക്കാത്തതിലെ വേദന കൂടി പ്രകടിപ്പിച്ചായിരുന്നു ബഷീറലി ശിഹാബ് തങ്ങളുടെ പോസ്റ്റ്.

"ഇതുപോലൊരു ബജറ്റ് ദിവസമായിരുന്നു അഹമ്മദ് സാഹിബ് നമ്മെ വിട്ടുപോയത്. പാര്‍ലിമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തിന്‍റെ മരണം പോലും ഫാസിസ്റ്റ് സര്‍ക്കാര്‍ മറച്ചുവെച്ചു. അധികാര കേന്ദ്രങ്ങളും ആശുപത്രിയും ഒത്തുചേര്‍ന്ന് നടത്തിയ ആ തട്ടിപ്പിനെതിരെ നമുക്ക് വേണ്ട വിധം ശബ്ദിക്കാന്‍ കഴിഞ്ഞോയെന്ന് എനിക്ക് സംശയമുണ്ട്. ഒപ്പം പ്രിയ നേതാവിന് വേണ്ടി ഒരു അനുസ്മരണം പോലും നടത്താന്‍ ആര്‍ക്കും സമയമുണ്ടായില്ലെന്നതും വേദനയുണ്ടാക്കുന്നതാണ്. ഓര്‍ക്കേണ്ടവര്‍ മറന്നാലും പോരാടുന്ന ജനകോടികളുടെ ഹൃദയത്തില്‍ ആ പേര് എന്നുമുണ്ടാകും.'' എന്നായിരുന്നു ബഷീറലി തങ്ങളുടെ വാക്കുകള്‍.

''തീക്ഷ്ണമായ പരീക്ഷണത്തിലൂടെ നാം കടന്നു പോകുമ്പോള്‍ ഇന്ത്യൻ ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി വിരൽ ചൂണ്ടി ഗർജ്ജിച്ചിരുന്ന അഹമ്മദ് സാഹിബ് നമുക്കൊപ്പമില്ല.അദ്ദേഹത്തിൻറെ അതിരുകളില്ലാത്ത സാർവദേശീയ ബന്ധങ്ങൾ,ഉജ്ജ്വലമായ നയതന്ത്ര ചാതുര്യം,ഭാഷാ മികവ് എല്ലാം ഈ അഭിശപ്‌ത കാലത്ത്,നഷ്ടം നൽകുന്ന ഓർമകളായി മനസ്സിലേക്കെത്തുന്നുവെന്നായിരുന്നു യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്.

പി കെ കുഞ്ഞാലികുട്ടിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

അഹമ്മദ് സാഹിബ് വിടവാങ്ങിയിട്ട് മൂന്നാണ്ട് തികയുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാന്യതയുടെയും, പോരാട്ട വീര്യത്തിന്റെയും മുഖമായിരുന്നു അഹമ്മദ് സാഹിബ്. പീഡിതരുടെ കൂടെ എല്ലാം മറന്ന് നിലയുറപ്പിച്ചു അദ്ദേഹം. വർത്തമാന ഇന്ത്യയിൽ അദ്ദേഹത്തെ പോലൊരു നേതാവിന്‍റെ അസാന്നിധ്യം നമുക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്. ഫാസിസത്തോട് നിരന്തരമായി കലഹിച്ച അദ്ദേഹം മതേതരത്വത്തെ ജീവ വായുവായി കൂടെ കൊണ്ട് നടന്നു. ഇന്ത്യയുടെ യശസ്സ് ലോകത്തിന്‍റെ മുമ്പിൽ വാനോളം ഉയർത്തി. ഇന്ത്യയുടെ ശത്രുക്കളോട് ലോക വേദികളിൽ വീറോടെ പോരാടി. ഒപ്പം അനീതിക്ക് വിധേയമാകുന്ന ഫലസ്തീൻ അടക്കമുള്ള രാജ്യങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ടു.മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ തന്‍റെ ജീവിതത്തിന്റെ സൗന്ദര്യമായി സ്വീകരിച്ച അഹമ്മദ് സാഹിബ്, ലഭിക്കുന്ന അവസരങ്ങളിലെല്ലാം അതിന്റെ സന്ദേശം പ്രസരണം ചെയ്തു കൊണ്ടിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് പരിചയപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഇ അഹമ്മദ് സാഹിബ്. നാഥൻ അദ്ദേഹത്തിന്‍റെ പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ.

ഇ.അഹമ്മദ് വിടവാങ്ങിയിട്ട് മൂന്നാണ്ട്; കണ്ണീരില്‍‌ കുതിര്‍ന്ന ഓര്‍മകള്‍  സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് നേതാക്കള്‍
Saju K R

എം കെ മുനീറിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

പ്രിയ നേതാവ് ഉണ്ടായിരുന്നുവെങ്കില്‍..!!

മൂന്ന് വര്‍ഷം മുമ്പേ ഇത് പോലെയൊരു ജനുവരി 31 ഡല്‍ഹിയില്‍ നിന്നും കേട്ട വാര്‍ത്ത ഇന്നും നമുക്ക് ഞെട്ടലുളവാക്കുകയാണ്.

പതിറ്റാണ്ടുകളോളം ഒരു സമൂഹത്തിന് വഴി കാണിച്ച മഹാ മനീഷി കര്‍മ്മ വീഥിയില്‍ പിടഞ്ഞു വീണ ആ ദിനം.കേട്ട വാര്‍ത്ത ശരിയാവരുതേയെന്ന് പ്രാര്‍ത്ഥിച്ചത് അനേകായിരങ്ങളാണ്.കണ്ണീർക്കണങ്ങളൊഴുക്കി ശുഭ വാര്‍ത്തക്ക് വേണ്ടി കാത്തിരുന്നത് ജന ലക്ഷങ്ങളാണ്.പക്ഷേ ,ഏകനായ നാഥന്റെ തീരുമാനം നമ്മെ കണ്ണീരിലാഴ്ത്താനായിരുന്നു.അന്ന് ഹൃദയം നുറുങ്ങുന്ന വേദനയാല്‍ സജലങ്ങളായ മിഴികള്‍ ആ മഹാന്‍റെ ഓര്‍മ്മകളില്‍ മുഴുകുമ്പോള്‍ വീണ്ടും,വീണ്ടും സജലമാവുകയാണ്.കാലം മായ്ക്കാത്ത മുറിപ്പാടുകളാണ് നായകന്റെ വീഴ്ച സമുദായത്തിന് സമ്മാനിച്ചത്.ഒരു പോരാളിയുടെ വീറോടെ പാര്‍ലമെന്‍റിനകത്തും,പുറത്തും ഗര്‍ജ്ജിച്ച ഇ.അഹമ്മദ് സാഹിബ് എന്ന എന്‍റെ നേതാവുണ്ടായിരുന്നുവെങ്കില്‍,നമ്മുടെ കാവല്‍ക്കാരനുണ്ടായിരുന്നുവെങ്കില്‍ എന്ന് പലതവണ ഞാന്‍ കൊതിച്ച് പോയിട്ടുണ്ട്.

വിശിഷ്യാ ഈ ആധുനിക ഇന്ത്യയിലെ അഭിഷപ്ത കാഴ്ചകള്‍ കാണുമ്പോൾ.എത്ര ധീരോദാത്തമായിരുന്നു ആ നിലപാടുകൾ.പതറാത്ത പാദത്തോടെ,ചിതറാത്ത ചിത്തത്തോടെഒരു സമുദായത്തിന് കാവലാളായി മാറിയപ്പോഴും,

ഇന്ത്യന്‍ ന്യൂനപക്ഷത്തിന്‍െറ ശബ്ദമായി ലോകം മുഴുവനും സഞ്ചരിക്കുമ്പോഴും എളിമയുടേയും, ലാളിത്യത്തിന്‍റെയും മേലങ്കിയണിഞ്ഞായിരുന്നു നമ്മുടെ നേതാവിന്‍റെ ജൈത്ര യാത്ര.

വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ സകല ആയുധവുമെടുത്ത് വംശീയതയുടെ മൂര്‍ത്തീ ഭാവമായി ഉറഞ്ഞു തുളളുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.മതത്തിന്‍റെ പേരിൽ മനുഷ്യനെ വേര്‍തിരിച്ച് ,മുസ്ലിം സമുദായത്തിന്‍റെ പൗരത്വത്തിന്‍റെ അടിയാധാരം തേടുന്ന സംഘ് പരിവാര ശക്തികള്‍ക്ക് മുമ്പിൽ

പോരാട്ട വീര്യത്തോടെ എഴുന്നേറ്റ് നില്‍ക്കാന്‍ ഇ.അഹമ്മദ് സാഹിബ് ഇല്ലാതെ പോയത് നമുക്ക് വല്ലാത്ത നഷ്ടമാണ്.

പിതാവിന്‍െറ സന്തത സഹചാരിയായിരുന്നപ്പോഴും,പിതാവിന്‍റെ മരണ ശേഷവും നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു എന്നത് കൊണ്ട് തന്നെ ഒരു ഹൃദയ ബന്ധമായിരുന്നു എനിക്ക്.ഒരു നേതാവ് എന്നതിലുപരി,പലപ്പോഴും ഒരു രക്ഷിതാവിനെ പോലെ കരുതലും കാവലും പകരുന്ന സ്നേഹം പകര്‍ന്ന് തന്ന ന്യൂനപക്ഷത്തിന്‍റെ അവകാശപ്പോരാട്ട വീഥിയിലെ കിരീടം വെക്കാത്ത ആ രാജകുമാരന്‍ ഇന്നും നമുക്ക് വേണ്ടി പോരടിക്കാനില്ലാതെ പോയത് നമ്മുടെ നിര്‍ഭാഗ്യം.

ഒരു കാര്യം തീര്‍ച്ചയാണ്.

അഹമ്മദ് സാഹിബിന്‍റെ വേര്‍പാടിന് ശേഷം ഈ സമുദായത്തിന് വേണ്ടി ശബ്ദിക്കുന്ന പ്രിയപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബിനും,ഇ.ടി.മുഹമ്മദ് ബഷീർ സാഹിബിനും അഹമ്മദ് സാഹിബ് പകര്‍ന്ന് നല്‍കിയ പോരാട്ട വീര്യവും,മാനസ്സിക ഉള്‍ക്കരുത്തും വളരെ വലുതാണ്.അത് കൊണ്ട് തന്നെയാണ് അഹമ്മദ് സാഹിബിന്‍റെെ വിടവ് നാം അറിയാതെ പോകുന്നതും.പ്രിയ നേതാവിന്‍െറ ഓര്‍മ്മകള്‍ അലയടിക്കുന്ന ജനുവരിയിലെ ഈ തണുത്ത രാവില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

നാഥാ..ഞങ്ങളുടെ പ്രിയ നായകന് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കേണമേ..!

ഓര്‍മ്മകള്‍ തുടിക്കുന്ന ഹൃദയ വേദനയോടെ...

ഇ.അഹമ്മദ് വിടവാങ്ങിയിട്ട് മൂന്നാണ്ട്; കണ്ണീരില്‍‌ കുതിര്‍ന്ന ഓര്‍മകള്‍  സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് നേതാക്കള്‍
Saju K R

ബഷീറലി ശിഹാബ് തങ്ങളുടെ ഓര്‍മകുറിപ്പിന്‍റെ പൂര്‍ണരൂപം

ഇ.അഹമ്മദ് സാഹിബിനെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്കാദ്യമായി വരുന്ന രംഗം വന്ദ്യ പിതാവിന്റെ ജനാസക്കരികില്‍ വാക്കുകള്‍ കിട്ടാതെ വിതുമ്പിക്കരയുന്ന രംഗമാണ്. പിതാവിനോടുള്ള സ്‌നേഹത്തിന്റെ തീവ്രതയായിരുന്നു അന്ന് കണ്ണീരായി പൊഴിഞ്ഞു വീണത്. ജീവിച്ചിരിക്കുമ്പോള്‍ സമൂഹ നിര്‍മിതിക്ക് മാറ്റി വെച്ച ചരിത്രത്തിലെ ഈ ഇതിഹാസത്തിന്റെ പരിശ്രമത്തിന്റെ ഫലം വാക്കുകളില്‍ നിര്‍വചിക്കല്‍ പ്രയാസമാണ്. വിന്ദ്യ പിതാവിനും അഹമ്മദ് സാഹിബിനോട് വലിയ താല്‍പര്യമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കയുണ്ടായി.

പാര്‍ലിമെന്റ് അഹമ്മദ് സാഹിബിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു. അറിവിന്റെയും അനുഭവത്തിന്റെയും രാഷ്ട്രീയ ഉള്‍ക്കാഴ്ചയുടെയും ഉറച്ച സംഘപരിവാര്‍ വിരുദ്ധ നിലപാടിന്റെയും ശബ്ദമായിരുന്നു അത്. ഫാസിസം സര്‍വ്വസംഹാരിയായി വളര്‍ന്ന ഈ സമയം പാര്‍ലിമെന്റില്‍ ഇ അഹമ്മദ് സാഹിബ് ഉണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

ഇതുപോലൊരു ബജറ്റ് ദിവസമായിരുന്നു അഹമ്മദ് സാഹിബ് നമ്മെ വിട്ടുപോയത്. പാര്‍ലിമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ മരണം പോലും ഫാസിസ്റ്റ് സര്‍ക്കാര്‍ മറച്ചുവെച്ചു. അധികാര കേന്ദ്രങ്ങളും ആശുപത്രിയും ഒത്തുചേര്‍ന്ന് നടത്തിയ ആ തട്ടിപ്പിനെതിരെ നമുക്ക് വേണ്ട വിധം ശബ്ദിക്കാന്‍ കഴിഞ്ഞോയെന്ന് എനിക്ക് സംശയമുണ്ട്. ഒപ്പം പ്രിയ നേതാവിന് വേണ്ടി ഒരു അനുസ്മരണം പോലും നടത്താന്‍ ആര്‍ക്കും സമയമുണ്ടായില്ലെന്നതും വേദനയുണ്ടാക്കുന്നതാണ്. ഓര്‍ക്കേണ്ടവര്‍ മറന്നാലും പോരാടുന്ന ജനകോടികളുടെ ഹൃദയത്തില്‍ ആ പേര് എന്നുമുണ്ടാകും.

നാഥന്‍ പരലോക ജീവിതം ധന്യമാക്കി കൊടുക്കട്ടെ...

ഇ.അഹമ്മദ് വിടവാങ്ങിയിട്ട് മൂന്നാണ്ട്; കണ്ണീരില്‍‌ കുതിര്‍ന്ന ഓര്‍മകള്‍  സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് നേതാക്കള്‍
Saju K R

മുനവ്വറലി തങ്ങളുടെ പോസ്റ്റ്

ആ മുത്തത്തിന് മൂന്നാണ്ട്..

മൂന്ന് വർഷങ്ങൾക്കിപ്പുറവും ആ മുത്തം മനസ്സിൽ നിന്ന് മായുന്നില്ല.വാത്സല്യ നിധിയായ ഒരു രക്ഷിതാവിനെ പോലെ, ആ വലിയ മനുഷ്യന്റെ സാന്നിധ്യം

മായാത്ത സ്നേഹ സ്പർശമായി എന്നും അനുഭവപ്പെടുന്നു.

തീക്ഷ്ണമായ പരീക്ഷണത്തിലൂടെ നാം കടന്നു പോകുമ്പോൾ ഇന്ത്യൻ ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി വിരൽ ചൂണ്ടി ഗർജ്ജിച്ചിരുന്ന അഹമ്മദ് സാഹിബ്

നമുക്കൊപ്പമില്ല.അദ്ദേഹത്തിൻറെ അതിരുകളില്ലാത്ത സാർവദേശീയ ബന്ധങ്ങൾ,ഉജ്ജ്വലമായ നയതന്ത്ര ചാതുര്യം,ഭാഷാ മികവ് എല്ലാം ഈ അഭിശപ്‌ത

കാലത്ത്,നഷ്ടം നൽകുന്ന ഓർമകളായി മനസ്സിലേക്കെത്തുന്നു.അല്ലാഹുവിന്റെ വിധി പക്ഷേ അചഞ്ചലമാണല്ലോ..

ധന്യമായ പരലോകം പ്രതിഫലമായി നൽകണേ അള്ളാഹ്..

ഇ.അഹമ്മദ് വിടവാങ്ങിയിട്ട് മൂന്നാണ്ട്; കണ്ണീരില്‍‌ കുതിര്‍ന്ന ഓര്‍മകള്‍  സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് നേതാക്കള്‍
Saju K R