LiveTV

Live

Kerala

സാങ്കേതിക സര്‍വകലാശാല മാര്‍ക്ക് ദാനം; സര്‍വകലാശാല നടത്തിയ അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ 

സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

സാങ്കേതിക സര്‍വകലാശാല മാര്‍ക്ക് ദാനം; സര്‍വകലാശാല നടത്തിയ അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ 

സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തെളിവെടുപ്പ് നടത്തി. സര്‍വകലാശാല നടത്തിയ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ തെളിവെടുപ്പിനിടെ വി.സിയെ അറിയിച്ചു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

സാങ്കേതിക സര്‍വകലാശാല അദാലത്ത് വഴി ബിടെക് വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് ദാനം നല്‍കിയെന്നായിരുന്നു ആരോപണം. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടിയെന്നും പരാതിയുയര്‍ന്നു. ഈ വിഷയത്തിലാണ് ഗവര്‍ണര്‍ ഇന്ന് രാജ്ഭവനില്‍ വെച്ച് ഹിയറിംഗ് നടത്തിയത്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ, രജിസ്ട്രാര്‍ പത്മകുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിജയിച്ച വിദ്യാര്‍ത്ഥി, മാര്‍ക്ക് ദാനത്തില്‍ പരാതി നല്‍കിയ സേവ് യൂണിവേഴ്സിറ്റി ഫോറം എന്നിവരാണ് തെളിവെടുപ്പില്‍ പങ്കെടുത്തത്. അദാലത്ത് നടത്തിയത് നിയമവിരുദ്ധമാണെന്ന് തെളിവെടുപ്പിനിടെ ഗവര്‍ണര്‍ വി.സിയെ അറിയിച്ചുവെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം പ്രവര്‍ത്തകര്‍ പറഞ്ഞു

മന്ത്രി അദാലത്തില്‍ പങ്കെടുത്തത് ലജ്ജാകരമാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയതായും സേവ് യൂണിവേഴ്സിറ്റി ഫോറം അറിയിച്ചു. ഗവര്‍ണറുടെ ഉത്തരവ് വന്ന ശേഷം നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. മാര്‍ക്ക് ദാനത്തിന്‍റെ പേരില്‍ കെ.ടി ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.