LiveTV

Live

Kerala

സുഭാഷ് വാസുവിനും ഭാരവാഹികള്‍ക്കും തുടരാം: എസ്.എന്‍.ഡി.പി മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ട നടപടി കോടതി റദ്ദാക്കി

കോടതി വിധിയെ തുടര്‍ന്ന് ചുമതലയേല്‍ക്കാന്‍ വന്ന സുഭാഷ് വാസുവിനെ പൊലീസ് തടഞ്ഞു.

സുഭാഷ് വാസുവിനും ഭാരവാഹികള്‍ക്കും തുടരാം: എസ്.എന്‍.ഡി.പി മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ട നടപടി കോടതി റദ്ദാക്കി

സുഭാഷ് വാസുവിനെതിരായ നടപടിയില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി എസ്.എന്‍.ഡി.പി മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ട നടപടി കോടതി റദ്ദാക്കി. സുഭാഷ് വാസുവിനും അന്നത്തെ ഭാരവാഹികള്‍ക്കും തുടരാമെന്നും കോടതി. നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും കോടതി. കൊല്ലം സബ്കോടതിയുടേതാണ് ഉത്തരവ്.

പക്ഷേ കോടതി വിധിയെ തുടര്‍ന്ന് ചുമതലയേല്‍ക്കാന്‍ വന്ന സുഭാഷ് വാസുവിനെ പൊലീസ് തടഞ്ഞു.. കോടതി ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ പ്രവേശിപ്പിക്കാന്‍ അനുവദിക്കൂവെന്ന് പറഞ്ഞാണ് പോലീസ് തടഞ്ഞത്. എന്നാൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ഏതാനും പ്രവർത്തകർ വാതിൽ തകർത്ത് ഓഫീസിൽ കയറി.

കഴിഞ്ഞ മാസം 23 ന് ആയിരുന്നു മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയനെ ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശന്‍ പിരിച്ചു വിട്ടത്. മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്.

സുഭാഷ് വാസുവായിരുന്നു ഈ സമയത്ത് മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്റെ പ്രസിഡന്റ്. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സുഭാഷ് വാസു പ്രതിയായതിനെ തുടര്‍ന്നായിരുന്നു വെള്ളാപ്പള്ളിയുടെ നടപടി.

പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളിക്കാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല നല്‍കിയത്. മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിനു പിന്നാലെ വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുമായി തർക്കം രൂക്ഷമായിരുന്നു. തുടര്‍ന്നാണ് യൂണിയന്‍, വെള്ളാപ്പള്ളി പിരിച്ചുവിട്ടത്. ഇതിനെതിരെയാണ് സുഭാഷ് വാസു കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ഇപ്പോള്‍ അനുകൂല വിധിയുണ്ടായിരിക്കുന്നത്.